snake-wraps-around-auto-drivers-neck

തിരുവനന്തപുരം മലയിൻകീഴില്‍ ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി അപകടമുണ്ടായി. പെട്ടെന്ന് പാമ്പിനെക്കണ്ട് ഭയചകിതനായ ഡ്രൈവര്‍ അതിനെ തട്ടിമാറ്റുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു. അതിവേഗത്തില്‍ പാഞ്ഞ പിക്കപ്പ് ഓട്ടോ പോസ്റ്റിലിടിച്ചാണ് നിന്നത്. 

ഡ്രൈവറായ മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശി വിഷ്ണുവിന് (32) പരുക്കേറ്റു. കൈയ്ക്കും ഇടുപ്പിലും സാരമായി പരുക്കേറ്റ വിഷ്ണു ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.

വാഹനത്തിൽ കയറ്റിയ മാലിന്യച്ചാക്കുകളിലൊന്നിലുണ്ടായിരുന്ന പാമ്പ് ഡ്രൈവറുടെ സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തുകയായിരുന്നു. സീറ്റിലൂടെ മുകളിലേക്ക് കയറി വിഷ്ണുവിന്റെ കഴുത്തിൽ ചുറ്റി. വാഹനം പോസ്റ്റിലിടിച്ചതോടെ ഓട്ടോയിൽ നിന്ന് തെറിച്ചുപോയ പാമ്പിനെ ഓടിക്കൂടിയ നാട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ENGLISH SUMMARY:

Snake Wraps Around Auto Driver's Neck While Driving