stray-dog

TOPICS COVERED

മലപ്പുറത്ത് അഞ്ചുവയസുകാരി പേവിഷബാധയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് നാം ഒാരോരുത്തരും. വാക്സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 20 പേര്‍ക്കാണ് വാക്സീനെടുത്തിട്ടും ജീവന്‍ പൊലിഞ്ഞത്. എന്താണ് ഇതിന്റെ കാരണം. നായ കടിയേറ്റാല്‍ ഉടന്‍ എന്തു ചെയ്യണം. ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് മുന്‍പ് മുറിവ് കഴുകി വൃത്തിയാക്കേണ്ടതിന്റെ പ്രാധാന്യമെന്ത്. 

പേവിഷബാധയുള്ള നായയുടെ ഉമിനീരിലാണ്  വൈറസുള്ളത്. കടിയേറ്റാല്‍ വലിയ അളവില്‍ തന്നെയാണ് ഈ  വൈറസുകള്‍  നാഡികളില്‍ കയറിപ്പറ്റുക. മുറിവില്‍ നിന്ന് നാഡികള്‍ വഴിയാണ് രോഗാണുക്കള്‍ തലച്ചോറിലെത്തുക. വൈറസിനെ നിര്‍വീര്യമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നായ കടിയേറ്റാലുള്ള  ഫസ്റ്റ് എയ്്ഡ് എന്നത് കടിയേറ്റ ഭാഗം ഒഴുക്കുള്ള വെള്ളത്തില്‍വച്ച് സോപ്പിട്ട് നന്നായി കഴുകുക എന്നതാണ്. തുറന്ന പൈപ്പിന് കീഴെ വച്ച് സോപ്പുപയോഗിച്ച് 15 മിനിറ്റെങ്കിലും മുറിവ് നന്നായി കഴുകുക. റാബീസ് വൈറസിന്റെ ആവരണത്തെ സോപ്പിലെ തന്മാത്രകള്‍ എളുപ്പത്തില്‍ നിര്‍വീര്യമാക്കാന്‍ കഴിയും. എണ്ണപറ്റിയ കൈകള്‍ നമ്മള്‍ എങ്ങിനെയാണോ വൃത്തിയാക്കുക, അത് പോലെ തന്നെ. ആവരണം നഷ്ടമായാണ് ഈ വൈറസിന് പിന്നെ നിലനില്‍പ്പില്ല. നായയുടെ ഉമിനീര് അടങ്ങിയ വൈറസിന്റെ എണ്ണത്തെ പത്ത് ശതമാനമെങ്കിലുമാക്കി കുറയ്ക്കാന്‍ സോപ്പു ഉപയോഗിച്ച് കഴുകിയാല്‍ സാധിക്കും. നായയുടെ ഉമിനീരില്‍ നിന്ന് മുറിവില്‍ എത്തിയ വൈറസിനെ നാഡികളില്‍ കയറാന്‍ അനുവദിക്കാതിരിക്കുക. അതിനുള്ള ആദ്യ പ്രതിരോധമാര്‍ഗമാണ് സോപ്പുപയോഗിച്ചുള്ള ഈ കഴുകല്‍

നായകടിയേറ്റാല്‌ രണ്ടുതരം മരുന്നുകളാണ് കുത്തിവയ്ക്കുന്നത്, റാബീസ് വാക്സീന്‍, RIG അഥവാ റാബീസ് ഇമ്മ്യുണോഗ്ലോബുലിന്

ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. റാബീസ് വാക്സീന്‍ പ്രതിരോധനിരയെ സജീവമാക്കും. ഒരാഴ്ചയ്ക്കകം ശരീരം ആന്റി ബോഡികളെ ഉല്‍പാദിപ്പിച്ച് തുടങ്ങും. വൈറസ് വളരെ പതിയെ സഞ്ചരിക്കുന്നതിനാല്‍ ഇതിന്റെ ലക്ഷ്യസ്ഥാനമായ തലച്ചോറില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആന്റിബോഡികള്‍ക്ക് വൈറസിനെ കീഴ്്പ്പെടുത്താനാകും. ഈ വാക്സിന്‍ ഇന്ട്രാ ഡെര്‍മല്‍ ആയോ ഇന്ട്രാ മസ്കുലാര്‍ ആയോ എടുക്കാവുന്നതാണ്,

കടിയേല്‍ക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ് എന്നതാണ് ഇവിടെ പ്രധാനം. കഴുത്തിന് മുകളില്‍ കടിയേല്‍ക്കുന്നതാണ് റിസ്ക്. മുഖത്തോമറ്റോ ആണ് കടിയേല്‍ക്കുന്നതെങ്കില്‍ വൈറസ് വളരെ പെട്ടെന്ന് തന്നെ തലച്ചോറിലേക്കെത്താം. മുഖത്തും മറ്റും ആഴത്തില്‍ മുറിവേറ്റവര്‍ക്കാണ് പേവിഷബാധ ഉണ്ടാകുന്നത്, ഈ അവസ്ഥയില്‍ നല്‍കേണ്ട വാക്സിനാണ് ഇമ്മ്യുണോഗ്ലോബുലിന്‍. കുത്തിവച്ച ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്ന റെഡിമെയ്്ഡ് ആന്റി ബോഡികളാണിവ, മുറിവുള്ള ദശയിലേക്ക് ശ്രദ്ധാപൂര്‍വം കുത്തിവച്ചാല്‍ ആ ഭാഗത്തെ വൈറസുകള്‍ ഉടന്‍ നശിക്കും. 

അതുകൊണ്ടാണ് ആഴത്തിലുള്ള മുറിവേറ്റാല്‍ ഉടന്‍ ഇമ്മ്യുണോഗ്ലോബുലിന്‍ നല്‍കണം എന്ന് പറയുന്നതും. ഇമ്മ്യുണോഗ്ലോബുലിന്‍ നല്‍കിയാലും അപൂര്‍വമായി ചിലരിലെങ്കിലും പേവിഷബാധയുണ്ടാകുന്നു. റാബീസ് വാക്സിന്‍ ഇമ്മ്യുണോഗ്ലോബുലിന്‍ എന്നിവ നിശ്ചിത താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകളാണ്. രണ്ട് മുതല്‍ ആറ് വരെ സെന്റിഗ്രേഡിലാണ് ഇമ്മ്യുണോഗ്ലോബുലിന്‍ സുക്ഷിക്കേണ്ടത്. താപനിലയിലെ ചെറിയ മാറ്റം മരുന്നിന്റെ ഗുണനിലവാരത്തെ ബാധിക്കും. കുത്തിവയ്പ് എടുക്കുന്നതിലെ കാലതാമസവും അപകടമാണ്. പ്രത്യേകിച്ച് കഴുത്തിന് മുകളില്‍ ആഴത്തില്‍ മുറിവേല്‍ക്കുന്ന സാഹചര്യത്തില്‍. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് റാബീസ് കുത്തിവയ്പ് നല്‍കേണ്ടത്. ഇന്ട്രാ ഡെര്‍മല്‍ ഇന്‍ജെക്ഷന്‍ നല്‍കുമ്പോള്‍ സൂചി ചര്‍മം കടന്ന് ആഴത്തില്‍ ഇറങ്ങിയാല്‍ മരുന്ന് ഫലം നല്‍കാതെ പോയേക്കാം. മുറിവേറ്റ ഭാഗത്ത് ഇമ്മ്യുണോഗ്ലോബുലിന്‍  നല്‍കുമ്പോള്‍ മുറിവിലെ ദശകളില്‍ കൃത്യമായി തങ്ങി നില്‍ക്കുന്ന രീതിയില്‍ കുത്തിവയ്ക്കാനുള്ള വൈദഗ്ധ്യവും ആവശ്യമാണ്.  ദേഹത്ത് പല സ്ഥലങ്ങളില്‍ മുറിവേറ്റ വ്യക്തിയെ പരിചരിക്കുമ്പോള്‍ മുഴുവന്‍ മുറിവുകളിലും ചികില്‍സ നല്‍കണം. എത്ര ചെറിയ മുറുവാണെങ്കിലും അവയിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകും.

സാധാരണ പനിയുടെ ലക്ഷണങ്ങളാണ് റാബീസിന്റേയും. ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഛര്‍ദില്‍ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, ചൊറിച്ചില്‍, വേദന എന്നിവയുണ്ടായാല്‍ അതിനര്‍ഥം വൈറസ് നാഡികളെ ബാധിച്ചു തുടങ്ങി എന്നതാണ്.  അതിനാല്‍ തന്നെ വളര്‍ത്തുനായുടെ കടിയേറ്റാല്‍ പോലും ആന്റി റാബീസ് വാക്സീന്‍ തീര്‍ച്ചയായും എടുക്കണം. അതിന് മടി കാണിക്കരുത്,