ഫ്‌ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ് ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടത്ത് ചര്‍ച്ച നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത് 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന കൂട്ടായ്മ 2021 ജൂണില്‍ പങ്കുവച്ച വേടനെതിരെയുള്ള ‘മീ ടൂ’ ആരോപണമാണ്. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്‌വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
‘പരിചയപ്പെട്ടുകഴിഞ്ഞാലുടന്‍ 'സ്ക്വര്‍ട്ട് ചെയ്ത് തരട്ടെ?' എന്ന് ചോദിക്കുക, പങ്കാളിക്ക് വേദനിച്ചാലും കൂടുതല്‍ വേദനിപ്പിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുക, ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്നുപറഞ്ഞാലും വീണ്ടും അതിനായി സമീപിക്കുക, ലൈംഗികമായി ബന്ധപ്പെട്ടുവെന്ന് കൂട്ടുകാരോട് കള്ളം പറയുക തുടങ്ങിയ ആരോപണങ്ങളാണ് ‘വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റി’ല്‍ അംഗങ്ങളായ സ്ത്രീകള്‍ ആരോപിച്ചത്.
സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ ‘മീ ടൂ’ ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് മുഹ്‌സിന്‍ പരാരി അറിയിച്ചു. ആരോപണങ്ങള്‍ പുറത്തുവന്നതോടെ വേടന്‍ മാപ്പു പറഞ്ഞു. ഈ പോസ്റ്റ് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി.