AI IMAGE
ഗൂഗിള്‍ മാപ്പ് പണിതരുന്നത് ആദ്യത്തെ സംഭവമല്ല. ഇടുങ്ങിയ വഴികളും ഇല്ലാത്ത വഴി ഉണ്ടെന്ന് കാണിച്ചും, തോട്ടിലും കുളത്തിലും വരെ കൊണ്ടെത്തിച്ച് ഗൂഗിള്‍ ‘ചേച്ചി’ പണിതരാറുണ്ട്. ഗൂഗിള്‍ മാപ്പിന്‍റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയനാകമായ വേര്‍ഷന്‍ ആദ്യായിട്ടാ...
ഗൂഗിള്‍മാപ്പ് തെറ്റായ വഴി കാണിച്ച് വരനും കൂട്ടരും ജില്ല മാറി കോഴിക്കോടെത്തിയാല്‍ എങ്ങനെയിരിക്കും!! കണ്ണൂര്‍ ഇരിട്ടി കീഴൂരിലാണ് വിവാഹം നടക്കേണ്ടത്. എന്നാല്‍ വരനെത്തിയതാകട്ടെ കോഴിക്കോട് പയ്യോളിയിലെ കീഴൂരിലും. എല്ലാം ഗൂഗിള്‍മാപ്പിനെ പറഞ്ഞാല്‍ മതി.
വധുവിന്‍റെ ഒരു ബന്ധുവാണ് ലൊക്കേഷന്‍ അയച്ചുകൊടുത്തത്. ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 10.30നുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട് നിശ്ചയിച്ചത്. വരന്‍ തിരുവനന്തപുരം സ്വദേശി. ലൊക്കേഷന്‍ മാറി വരന്‍ എത്തിയത് പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തില്‍. അവിടെയെത്തിയപ്പോഴാണ് പറ്റിയ അമളി മനസിലായത്. ഞങ്ങളെത്തി നിങ്ങളെവിടെ എന്ന് ചോദിച്ചപ്പോഴാണ് രണ്ടും രണ്ട് സ്ഥലമാണെന്ന് വ്യക്തമായത്.
വരനെയും കൂട്ടരെയും കാണാതെ പെണ്‍വീട്ടുകാര്‍ പരിഭ്രാന്തരായി. രണ്ട് ക്ഷേത്രങ്ങളും തമ്മില്‍ 60 കിലോമീറ്ററിലേറെ ദൂരവുമുണ്ടായിരുന്നു. ഇതോടെ നിശ്ചയിച്ച സമയത്ത് താലികെട്ട് നടന്നില്ല. പിന്നീട് ഒന്നരയോടെ ഇരിട്ടി കീഴൂരിലെ നേരത്തെ പറഞ്ഞുറപ്പിച്ച ക്ഷേത്രത്തില്‍ തന്നെയെത്തി വിവാഹം നടത്തി. നേരത്തെ നിശ്ചയിച്ച പൂജാരി സമയം വൈകിയതുകൊണ്ട് തിരിച്ചുപോയപ്പോള്‍ ആ ചുമതല ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെ ഏറ്റെടുത്തു നടത്തി. കുറേനേരം രണ്ട് കൂട്ടരെയും തീ തീറ്റിച്ചെങ്കിലുവിവാഹം നടന്നല്ലോയെന്ന ആശ്വാസം ബാക്കി.