ട്രെന്‍ഡ് മാറുമ്പോള്‍ ട്രെന്‍ഡിങ്ങാവാന്‍ എന്താ വഴി. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ കുട്ടികളെ പിടിക്കാന്‍ വെറൈറ്റി പോസ്റ്ററുകള്‍ പരീക്ഷിക്കുകയാണ് സ്കൂളുകള്‍. അവിടെ മലയാളികള്‍ക്ക് സുപരിചിതരായ ദാസനും വിജയനും, ചന്തുവുമെല്ലാമുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു ആകുലത മാത്രം, മക്കളെ ഏതു സ്കൂളില്‍ ചേര്‍ക്കും. അതിനുള്ള മറുപടിയും ന്യൂജെന്‍ പോസ്റ്ററിലുണ്ട്.
മകനെ നല്ലൊരു സ്കൂളില്‍ ചേര്‍ക്കണമെന്ന് സ്വപ്നം പങ്കുവയ്ക്കുന്ന ദാസന്‍, ഇതിനിത്ര ചിന്തിക്കാനുണ്ടോ ദാസാ... മരിയനാട് എഎല്‍പി സ്കൂള്‍ ഉണ്ടല്ലോ എന്ന മറുപടിയുമായി വിജയന്‍. വിദ്യാര്‍ഥികള്‍ക്കായി പുതുപുത്തന്‍ സൗകര്യങ്ങളൊരുക്കി കാത്തിരിക്കുന്ന വിദ്യാലയങ്ങളുടെ വ്യത്യസ്തമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് ഇങ്ങനെ പുതുമ നിറഞ്ഞതാകുന്നത്.
അഡ്മിഷന്‍ 'തുടരും'
പുത്തന്‍ സിനിമകളുടെ പോസ്റ്ററുകളും സര്‍ഗാത്മകമാക്കി മാറ്റിയിട്ടുണ്ട്. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ശോഭന ചിത്രം 'തുടരും' ആണ് വ്യത്യസ്ത പോസ്റ്ററാക്കി ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്കൂള്‍ പുറത്തിറക്കിയത്.
കറുത്ത അംബാസഡര്‍ കാറിനരികില്‍ ബാഗും യൂണിഫോമുമിട്ട് നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രവും ശ്രദ്ധേയമാണ്. ഹോളി ഫാമിലി സ്കൂള്‍ 'അഡ്മിഷന്‍ തുടരും' എന്നാണ് പോസ്റ്ററിലുള്ളത്. 'ഇങ്കെ പാര് കണ്ണാ....' എന്ന പഞ്ച് ഡയലോഗും ചങ്ങരോത്ത് സ്കൂളിന്‍റെ പോസ്റ്ററിലുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയത് വിജയിച്ചതോടെയാണ് പുതുമകള്‍ കണ്ടെത്തുന്നത് തുടര്‍ന്നതെന്ന് അധ്യാപകരും പറയുന്നു.
ചന്തുവിന്‍റെ മകന്‍ ഇനി തോല്‍ക്കില്ല
പലരും പലവട്ടം പലകുറി ചന്തുവിനെ തോല്‍പ്പിച്ചു. പക്ഷെ ചന്തുവിന്‍റെ മകനെ ഇനി ആര്‍ക്കും തോല്‍പ്പിക്കാനാവില്ല മക്കളേ.. എന്‍റെ മകന്‍ പഠിക്കുന്നത് ഒളവണ്ണ എഎല്‍പി സ്കൂളിലാണ്. വടക്കന്‍ വീരഗാഥയിലെ കാഥാപാത്രമായ ചന്തു പോസ്റ്ററിലൂടെ പറഞ്ഞുവയ്ക്കുന്നത് ഒളവണ്ണ എഎല്‍പി സ്കൂളിനെക്കുറിച്ചാണ്. കഴിഞ്ഞ വര്‍ഷമാണ് സ്കൂള്‍ ഒരു വെറൈറ്റി പരീക്ഷിച്ചത്. ഈ വര്‍ഷത്തെ പുതിയ പോസ്റ്ററിന്‍റെ പണിപ്പുരയിലാണ് അധ്യാപകര്‍. വര്‍ഷം കടന്നുപോകുമ്പോള്‍ അതിനനുസരിച്ച് പോസ്റ്ററും മാറ്റണമെന്ന പോളിസിയാണ് അധ്യാപകര്‍ക്കും.
ഓഫറുകളും, പ്രവേശനോത്സവവും
ജെന്‍– സിയെ ആകര്‍ഷിക്കുന്ന പോസ്റ്ററുകള്‍ മാത്രമല്ല. പുത്തന്‍ സജീകരണങ്ങളും പഠനചുറ്റുപാടുകളുമാണ് സ്കൂളുകള്‍ മുന്നോട്ട് വയ്ക്കുന്നത്. പ്രഭാത ഭക്ഷണം, ഫുട്ബോള്‍, കരാട്ടെ, കായിക പരിശീലനം, സംഗീതം , സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍, ഒന്നാം ക്ലാസ് മുതല്‍ ഉറുദു, ഹിന്ദി പഠനം തുടങ്ങി ഒട്ടേറെ ഓഫറുകളാണ് പല സ്കൂളുകളിലുമുള്ളത്. അതുപോലെ തന്നെ ഇത്തവണത്തെ പ്രവേശനോത്സവവും ഗംഭീരമാക്കാനൊരുങ്ങുകയാണ് സ്കൂളുകള്‍.