മോഡലിങ്ങിന്‍റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെയും വിവാദങ്ങളിലൂടെ വാര്‍ത്ത താരമായ വ്യക്തിയാണ് മുകേഷ് നായര്‍. മോഹന്‍ലാലിനെ അനുകരിച്ചുള്ള നടപ്പും സ്റ്റൈലും കൂളിംഗ് ഗ്ലാസ് വച്ചുള്ള ഫോട്ടോ ഷൂട്ടും നേരത്തെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ‘സ്വര്‍ഗം മാമാ സ്വര്‍ഗം’ എന്ന് പറഞ്ഞാണ് ഇയാള്‍ വിഡിയോസ് പോസ്റ്റ് ചെയ്തിരുന്നത്.
മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് കേസ്.ഇയാൾ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തുവരികയായിരുന്നു. തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. മുൻപ് കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യം പാടില്ല. ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാർ ഉടമകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പരസ്യം ചെയ്തതെന്നാണ് എക്സൈസിനു ലഭിച്ച വിവരം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോവളത്തെ റിസോര്‍ട്ടിലായിരുന്നു ചിത്രീകരണം നടന്നത്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.