ഏപ്രില്‍ 22ന് സന്ധ്യാസമയം. കനത്ത മഴ തൃശൂരിനെ വിറപ്പിച്ചു. പിന്നാലെ, അതിഭീകരമായ കാറ്റ് ആഞ്ഞടിച്ചു. തൃശൂര്‍ പറവട്ടാനി കുന്നത്തുംകര ജനകീയം സ്ട്രീറ്റിലും കാറ്റ് വില്ലനായി. സൈക്കിള്‍ റിപ്പയറിങ് നടത്തുന്ന ഉണ്ണികൃഷ്ണനും കുടുംബവും വീട്ടിലുണ്ടായിരുന്നു. അഞ്ചു പേര്‍. വീടിനു മീതേയ്ക്കു വലിയതെന്തോ വീണെന്നു മാത്രം മനസിലായി. മേല്‍ക്കൂര തകര്‍ന്നു. മഴവെള്ളം വീടിനുള്ളില്‍ പേടിച്ചുവിറച്ച് കുടുംബം പുറത്തിറങ്ങി. വീടിനു പുറകില്‍ നിന്നിരുന്ന കൂറ്റന്‍ ആല്‍മരം കടപുഴകി. വീട് പൂര്‍ണമായും തകര്‍ന്നു.
പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതുതന്നെ ഭാഗ്യമെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം. ആല്‍മരത്തിന്‍റെ വേരിനു തന്നെ മൂന്നാള്‍ പൊക്കമുണ്ട്. മരം മുറിച്ചുമാറ്റാന്‍ വലിയ തുക വേണം. സൈക്കിള്‍ റിപ്പയിറിങ് നടത്തുന്ന ഒരാള്‍ക്ക് എങ്ങനെ വലിയ തുക കണ്ടെത്താന്‍ കഴിയും. ഇനി, മരം മാറ്റിയാലും രക്ഷയില്ല. വീട് പുതിയതു പണിയണം.
ചെറിയ കുടിലെങ്കിലും വയ്ക്കാന്‍ മരം മുറിച്ചുമാറ്റണം. വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ വന്നു. കണ്ടവരെല്ലാം കൂറ്റന്‍ മരം വീടിനു മുകളിലേക്ക് വീണ കാഴ്ച കണ്ട് നെഞ്ചില്‍ കൈവച്ചു. അത്രയ്ക്കേറെ ഭീകരമായിരുന്നു ഈ കാഴ്ച. മൂന്നു ദിവസമായി മരം മുറിച്ചുമാറ്റാന്‍ പണം തരപ്പെട്ടിട്ടില്ല. ഈ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. കാറ്റ് തകര്‍ത്ത ജീവിതം തിരിച്ചുപിടിക്കാന്‍.