ksrtc-conductor-saves-kid-anism-aranmula-pandalam

നാലുവയസുകാരിയെ നാടോടി സ്ത്രീയുടെ പിടിയില്‍ നിന്ന് രക്ഷപെടുത്തിയ കെ.എസ്.ആര്‍.ടി.സി.കണ്ടക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആറന്‍മുള എഴിക്കാട് സ്വദേശി അനീഷാണ് നാടോടി സ്ത്രീ തട്ടിയെടുത്ത കുഞ്ഞിനെ രക്ഷിച്ചത്. സംശയത്തിന് കാരണം കുട്ടിയുടെ മലയാളവും അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയുടെ തമിഴ് സംസാരവും. അപകടം അനീഷിന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ നാലുവയസുകാരി അടുത്ത ദിവസം തമിഴ്നാട്ടിലും പിന്നെ കാണാ മറയത്തും ആയേനേ 21ന് ആണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാലുവയസുകാരിയെ നാടോടി സ്ത്രീ പാവകൊടുത്ത് വശത്താക്കിയത്. 

ആരോടും വേഗത്തില്‍ അടുക്കുന്ന കുഞ്ഞാണ്. അമ്മയ്ക്ക് മാനസിക വെല്ലുവിളിയുണ്ട്. ജീവിതത്തിലെ ദുരിതമാണ് നാടോടി സ്ത്രീയുടെ അടുത്തെത്തിച്ചത്. പാവ കൊടുത്താണ് വശത്താക്കിയത്. കരയാതെ പിണങ്ങാതെ കോയമ്പത്തൂരുകാരി ദേവിക്കൊപ്പം അടുത്തദിവസം അടൂരെത്തി.തൃശൂര്‍ ബസില്‍ കയറി ടിക്കറ്റ് ചോദിച്ച് 50രൂപ കൊടുത്തു. ബസ് മാറിക്കയറിയതാവാം എന്ന് കരുതി അനീഷ് അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിടാന്‍ ആലോചിച്ചതാണ്. പക്ഷേ നാടോടി സ്ത്രീയേയും കുഞ്ഞിനേയും കണ്ടപ്പോള്‍ ചില സംശയങ്ങള്‍.

നാലുവയസുകാരി കണ്ടക്ടര്‍ അനീഷുമായി വേഗം ചങ്ങാത്തമായി. അനീഷിനെ കാലില്‍ കെട്ടിപ്പിടിച്ച് കുഞ്ഞിരുന്നു. കുഞ്ഞ് സംസാരിക്കുന്നത് മലയാളം. അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ സംസാരിക്കുന്നത് തമിഴും. പെണ്‍കുട്ടിയെ കൈക്കലാക്കാനുള്ള സ്ത്രീയുടെ ശ്രമങ്ങള്‍ കണ്ടപ്പോള്‍ സംശയം കൂടി. ഇതോടെ ഡ്രൈവര്‍ സാഗറിനോട് ബസ് മറ്റെങ്ങും നിര്‍ത്തരുത് എന്ന് പറഞ്ഞു. ബസ് നേരെ പന്തളം പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നാലുവയസുകാരിയെ കടത്തിക്കൊണ്ടു വന്നതെന്ന് വ്യക്തമായത്. അനീഷ് തൃശൂരിലേക്ക് ഡ്യൂട്ടി തുടര്‍ന്നു.

പിന്നീട് കൊല്ലം ഈസ്റ്റ് പൊലീസ് വഴി വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത് ഏറെ വൈകിയും. ഈ നേരമത്രയും പൊലീസ് സ്റ്റേഷന്‍ ആയിരുന്നു കുഞ്ഞിന്‍റെ കളിസ്ഥലം. പൊലീസുകാര്‍ കൂട്ടുകാരും. ആറന്‍മുള സ്വദേശിയായ അനീഷ് ചെങ്ങന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടറാണ്. ഇപ്പോള്‍ കാരക്കാട്ട് ആണ് താമസം.

ENGLISH SUMMARY:

KSRTC conductor Aneesh from Aranmula has become a social media hero after saving a 4-year-old girl from a suspected child abduction. Aneesh grew suspicious when he noticed the girl speaking Malayalam while the woman claiming to be her mother spoke Tamil. His quick thinking led the bus directly to the Pandalam police station, where it was revealed that the girl was kidnapped from Kollam railway station. The child was safely reunited with her family later that night.