വിഷപ്പാമ്പ് ഭീതിയില്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മേഖല. 100ല്‍ അധികം പാമ്പുകളെയാണ് ഒരു മാസത്തിനിടെ ഇവിടെ നിന്ന് പിടികൂടിയത്. 2 മാസത്തിനിടെ കടിയേറ്റത് 15 ഓളം പേര്‍ക്കാണ്. മുര്‍ഖന്‍, അണലി എന്നീ വര്‍ഗത്തില്‍പെട്ട പാമ്പുകളെയാണ് കൂടുതലായും കാണപ്പെടുന്നത്. കഴിഞ്ഞ ദിവസം പാമ്പുപിടിത്തക്കാരന്‍ പിടികൂടി വനംവകുപ്പിന് നല്‍കാനായി സൂക്ഷിച്ചിരുന്ന അണലി ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത് 60 കുഞ്ഞുങ്ങൾക്കാണ്.
പട്ടണക്കാട് പാറയിൽ ഭാഗം കുര്യൻചിറ തമ്പി പിടികൂടിയ അണലിയാണ് 60 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയത്. കുത്തിയതോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി സുഗുണാനന്ദന്റെ പറയക്കാട്ടിലെ വീട്ടുവളപ്പിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച തമ്പി പിടിച്ച അണലിയാണ് ഒറ്റ പ്രസവത്തിൽ 60 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
വനം വകുപ്പിൽ നിന്ന് പാമ്പുപിടുത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് തമ്പി. നാട്ടിൽ പാമ്പുശല്യമേറിയാല്‍ തമ്പിയെയാണ് ജനം സമീപിക്കാറ്. പിടികൂടുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറുകയാണ് തമ്പിയുടെ പതിവ്. ഗർഭിണിയായ അണലിയെ പിടികൂടി വീട്ടിലെത്തിച്ച് സൂക്ഷിക്കുന്നതിനിടെയാണ് പ്രസവിച്ചത്. ഏകദേശം ആറ് വയസ് പ്രായമായ അണലിക്ക് ഒന്നരയടി നീളമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെന്ന് അദ്ദേഹം പറയുന്നു. 2024 മേയ് മാസത്തിൽ പടിഞ്ഞാറെ മനക്കോടത്തെ പുരയിടത്തിൽ നിന്ന് പിടികൂടിയ മലമ്പാമ്പിനെ അടയിരുത്തി 10 കുഞ്ഞുങ്ങളെ തമ്പി വീട്ടിൽ വിരിയിച്ചിരുന്നു.
മുന്‍പ് പെരുമ്പാമ്പുകളെ അപൂര്‍വമായി കണ്ടിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അണലികളുടെയും മൂര്‍ഖന്‍റെയും എണ്ണം ക്രമാതീതമായി കൂടിയത്. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കിഴക്കന്‍ നാടുകളില്‍ നിന്ന് പുഴിമണല്‍ കൊണ്ടുവരുന്നതിലൂടെയും പ്രളയസമയത്തെ മലവെള്ള പാച്ചിലിലൂടെയും വിഷപ്പാമ്പുകള്‍ ഒഴുകി എത്തിയതാണ് പാമ്പുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.