കേസ് ഷീറ്റ് കാണാതെ പോയി, ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ കഴിയുന്നില്ല,ജോലിക്ക് പോകാത്തതിനാല്‍ പണവുമില്ല എന്നു പറയുന്ന ഫോണ്‍ സംഭാഷണത്തിന് ഒടുവിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് കവാടത്തിന് മുന്നില്‍ വച്ച് ഞങ്ങള്‍ മിനിയെ കാണുന്നത്. കലങ്ങിയ കണ്ണില്‍ ഭര്‍ത്താവ് മണിയുടെ രോഗത്തിന്‍റെ ആശങ്ക, പ്ലസ് ടു വിദ്യാര്‍ഥിയായ മകളെ തനിച്ചാക്കി വീടുവിട്ടു നില്‍ക്കുന്നതിലെ നിസഹായത. മൂന്ന് മിനുറ്റില്‍ പരിഹരിക്കാമായിരുന്ന പ്രശ്നമാണ് മൂന്ന് ദിവസം നീട്ടി കൊണ്ടു പോയത്.
42 ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊയിലാണ്ടി സ്വദേശി മണി എത്തുന്നത് കടുത്ത മഞ്ഞ പിത്ത ബാധിതനായാണ്.ചികിത്സ തുടര്‍ന്നു, രോഗം ക്രമേണ ഭേതമായി,ഇതിനിടെ മണിയുടെ ചികിത്സ വിവരങ്ങള്‍ അടങ്ങിയ കേസ് ഷീറ്റ് നഷ്ടമായി.ആശുപത്രി ഡിസ്ചാര്‍ജും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതുമെല്ലാം അനിശ്ചിതത്വത്തിലായി.കേസ് ഷീറ്റ് ഡോക്ടര്‍മാര്‍ വാങ്ങിയെന്ന് മിനി പറയുന്നു.
പിന്നീട് തിരികെ നല്‍കിയില്ലെന്നും.തിരിച്ചു നല്‍കിയെന്നാണ് ഡോക്ടര്‍മാരുടെ വാദം.ആര് വാങ്ങിയെന്നതോ കൊടുത്തതോ എന്നല്ല, കേസ് ഷീറ്റ് നഷ്ടപ്പെട്ട് ഒരു രോഗി വീട്ടിലേക്ക് മടങ്ങനാവാതെ മുന്ന് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നതിലാണ് പ്രശ്നം,മണിയുടെയും മിനിയുടെയും ദുരിതം വാര്‍ത്തയായതിനു പിന്നാലെ പുതിയ കേസ് ഷീറ്റ് ആശുപത്രി അധിക്യതര്‍ നല്‍കി.
അങ്ങനെ താല്കാലിക ആശ്വാസം.ദിവസങ്ങള്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങി ഒരു രേഖ ശരിയാക്കേണ്ടിയിരുന്ന ദുരവസ്ഥയില്‍ നിന്ന് അത് വിരല്‍ തുമ്പില്‍ ലഭിക്കുന്ന കെ സ്മാര്‍ട്ട് കാലത്താണ്, കേസ് ഷീറ്റ് നഷ്ടപ്പെട്ട് ഒരു കുടുംബം ആശുപത്രിയില്‍ ഇരുന്നതെന്ന് ഓര്‍ക്കണം.തെങ്ങുകയറ്റ തൊഴിലാളിയായ മണിയും ഭാര്യ മിനിയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡിന്‍റെ വരാന്തയില്‍ ഇരുന്ന് നെടുവീര്‍പ്പിട്ട അവസ്ഥ ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കട്ടെ.