തെങ്ങിനോളം പൊക്കമുള്ള മുളകു ചെടി കണ്ടിട്ടുണ്ടോ? തിരുവല്ല കല്ലൂപ്പാറ സ്വദേശി ജെയിംസ് എബ്രഹാമിന്റെ വീട്ടിലാണ് 18 അടി പൊക്കമുള്ള മുളകു ചെടിയുള്ളത്. പത്തുമാസം പ്രായമുള്ള മുളകുചെടിയുടെ വിശേഷങ്ങളിലേക്ക്.
മല്ലപ്പള്ളി ചന്തയിൽ നിന്ന് കഴിഞ്ഞ ജൂണിലാണ് ജെയിംസ് അഞ്ചു മുളക് തൈകൾ വാങ്ങിയത്. ബാക്കി നാലും പോയപ്പോഴും ഒന്നുമാത്രം വളർന്നു. പക്ഷേ പെട്ടെന്നൊരു ദിവസം അതിൻ്റെ കമ്പൊടിഞ്ഞു. പ്രിയപ്പെട്ട ചെടിയെ ഒന്ന് താങ്ങി നിർത്തിയതേയുള്ളൂ, പിന്നെ അതുശിരോടെ വളർന്നു. കായിട്ടു, വളർന്നു വളർന്നു വളർന്ന് പത്തു വയസ് പ്രായമുള്ള സപ്പോട്ട മരത്തിനും മേലെ എത്തി. പിന്നെയും വളർന്നപ്പോൾ ഗിന്നസ് റെക്കോർഡിനരികെയും.
നിറയെ കായ്കളുള്ള ചെടിയിൽ നിന്ന് ഇപ്പോൾ മുളക് പറിക്കുന്നത് ഏണിയിൽ കയറിയാണ്. വളമല്ല, താങ്ങാണ് പൊക്കത്തിന് പിന്നിലെന്ന് ജെയിംസ്. റെഡ് പെപ്പർ, ബെൽ പെപ്പർ എന്നൊക്കെ ഓമനപ്പേരിൽ അറിയപ്പെടുന്ന, നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന മുളക്, ക്യാപ്സിക്കം ആന്യോം ആണ് കക്ഷി. പക്ഷേ പ്രധാന കമ്പിന് വണ്ണമുണ്ട്. ശാഖകൾക്കും ബലം കൂടുതലാണ്. ചെടിയെ പരമാവധി പൊക്കത്തിലേക്ക് എത്തിക്കാനാണ് ജെയിംസിന്റെ ശ്രമം.