ഭര്‍തൃപീഡനത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും ജീവിതം തിരിച്ചുപിടിക്കാനകാതെ പോയതിന്‍റെ വേദനയില്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍സല്‍ അബ്ദുല്‍. ഷൈനിയും മക്കളും ഒന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്നാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ ആശിച്ചത്. വര്‍ധിച്ചുവരുന്ന കുടുംബ പ്രശ്നങ്ങളും പരാതികളും, ആത്മഹത്യയിലെത്തിച്ചേരുമായിരുന്ന പല സംഭവങ്ങള്‍ക്കും പരിഹാരമുണ്ടാക്കിയ അനുഭവം പറഞ്ഞാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് .
എസ്എച്ച്ഒയുടെ പോസ്റ്റ്–
‘ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി 1മുതൽ മാർച്ച് 30 വരെ 700 പരാതികൾ ലഭിച്ചു. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ,അതിൽ 500നടുത്ത് കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു പത്തു ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ. ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി 8മണിക്ക് ശേഷം ഒപ്പിടൽ. ദിവസവും 100 ആളുകൾ അടുത്ത് വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂര്‍. ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ലയെന്നും, ഒപ്പിടിൽ നിർത്തിക്കോ എന്നും. ഇതു പോലെ വളരെ കൃത്യമായിട്ടു മേൽനോട്ടവും ആത്മാർഥമായ സേവനവും നടത്തിയാണ് ഏറ്റുമാനൂർ പോലീസ് നൂറുകണക്കിന് ആത്മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്–’
‘എന്നാല്‍ കഴിഞ്ഞ മാസം ട്രെയിനിനുമുന്‍പില്‍ ചാടി ജീവനൊടുക്കിയ ഏറ്റുമാനൂര്‍ സ്വദേശി ഷൈനി ഒന്നു വന്നുകണ്ടിരുന്നെങ്കില്‍ ആ അത്യാപത്തുകളൊന്നും സംഭവിക്കില്ലായിരുന്നെന്നാണ് എസ്എച്ച്ഒ പറയുന്നത്. മെഡിക്കൽ കോളേജ് ഇന്‍ക്വസ്റ്റ് ടേബിളിൽ പെറുക്കി വെച്ച് ഇന്‍ക്വസ്റ്റ് നടത്തുമ്പോൾ എന്‍റെ സിദ്രുവിന്റെയും അയനയുടേയും മുഖങ്ങൾ മനസിൽ മാറിമാറി വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം, യാന്ത്രികമായി ആ ജോലി ചെയ്തു, ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2കുട്ടികളും കാരിത്താസ് ഹോസ്പിറ്റലിൽ, ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സിൽ നിന്നും പോകുന്നില്ല, ഇന്നലെ രാത്രി ഒന്ന് കണ്ണടയ്ക്കാന്‍ പോലുമായില്ല’.
ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരുമില്ല, ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ആവര്‍ത്തിച്ചുബോധ്യപ്പെടുത്തുക കൂടിയാണ് ഏറ്റുമാനൂര്‍ പൊലീസ്. പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി ഇരിക്കുന്നവര്‍ക്ക് മുന്‍പില്‍ തുറന്നുപറയുക, പരിഹാരമുണ്ടാകും എത്രയും വേഗത്തില്‍.