n-prasanth

TOPICS COVERED

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ദേയനായി കലക്ടര്‍ ബ്രോയെന്നു പേരെടുത്തു , സമൂഹമാധ്യമങ്ങളിലൂടെ തന്നെ പണികിട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എന്‍.പ്രശാന്ത്. അധികാര കേന്ദ്രങ്ങളോടു ആഞ്ഞടിക്കുന്നത് കരിയറിന്‍റെ ആദ്യകാലം മുതലുള്ള പ്രശാന്ത് ശൈലിയാണ്. എം.കെ.രാഘവന്‍ ,മേഴ്സിക്കുട്ടിയമ്മ ഏറ്റവും ഒടുവില്‍ ചീഫ് സെക്രട്ടറി വരെയെത്തി നില്‍ക്കുന്നു ഈ നിര.

കലക്ടര്‍  ബ്രോയില്‍ തുടങ്ങി ആഴക്കടല്‍ വിവാദം കടന്ന്  ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചേരിപ്പോരില്‍ സസ്പെന്‍ഷന്‍ ,   എന്‍ .പ്രശാന്തിന്‍റെ   ഇതുവരെയുള്ള    കരിയറിനെ ഇങ്ങനെ  ചുരുക്കിപ്പറയാം. 2015 മുതല്‍ 17 ഫെബ്രുവരി വരെയുള്ള രണ്ടു വര്‍ഷം കോഴിക്കോട് കലക്ടറായിരിക്കുമ്പോഴാണ് കലക്ടര്‍ ബ്രോയെന്നു പേരു വീഴുന്നത്. കലക്ടറായിരിക്കെ നടത്തിയ ഇടപെടലുകളും യുവാക്കളെ കയ്യിലെടുത്ത പോസ്റ്റുകളുമായിരുന്നു പ്രശാന്തിനെ കലക്ടര്‍ ബ്രോയാക്കിയത്. എന്നാല്‍  എം.പി ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിലെ തര്‍ക്കവും അതിനെ തുടര്‍ന്നുള്ള ട്രോളുകളും  അന്നു എം.കെ.രാഘവന്‍ എം.പിയ്ക്കെതിരെയുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 

കലക്ടര്‍ മാപ്പുപറയണമെന്നാശ്യപ്പെട്ടപ്പോള്‍ കുന്നംകുളം മാപ്പിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു പരിഹാസം. അന്നു കുന്നംകുളം മാപ്പെങ്കില്‍ ഇന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ കളപറിക്കല്‍ യന്ത്രം പോസ്റ്റ് ചെയ്തായിരുന്നു പരിഹാസം. അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയായിരുന്നപ്പോള്‍ ബാങ്ക് മാനേജര്‍ തന്നെ ബാങ്ക് കുത്തിതുറക്കുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ എന്തു ചെയ്യുമെന്നായിരുന്നു  പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്തിന്‍റെ  ഫെയ്സ് ബുക്ക് പോസ്റ്റ്. മന്ത്രിയ്ക്കെതിരെ എന്ന വ്യാഖ്യാനം വന്നതോടെ സ്ഥാനം തെറിച്ചു. 2021 ല്‍ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മോശം സന്ദേശം അയച്ചുവെന്ന പേരില്‍ പോലീസ് കേസും വന്നിട്ടുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുമായി പോര് കനത്തപ്പോള്‍ മേഴ്സിക്കുട്ടിയമ്മയുടെ ചോദ്യത്തിനു മറുപടിയുണ്ടെയോന്ന കമന്നു‍റിനു  ഹൂ ഈസ് ദാറ്റ് എന്നായിരുന്നു  ബ്രോയുടെ പരിഹാസം. ഇപ്പോള്‍ എ.ജയതിലകും ചീഫ് സെക്രട്ടറി ശരദാ മുരളീധരനും വരെ പ്രതികരണത്തിന്‍റെ ചൂടറിഞ്ഞു. തീരുമാനം ഉടനെന്നു പോസ്റ്റിട്ടു എല്ലാവരേയും ഏപ്രില്‍ ഫൂളാക്കി ലൈവ് സ്ട്രീം നിരസിച്ചതിനു ചീഫ് സെക്രട്ടറിയോടു യുദ്ധം പ്രഖ്യാപിച്ചാണ് ഹിയറിങ്ങിനെത്തുന്നത്.

നിരന്തരമുള്ള വിവാദങ്ങളില്‍ പ്രൊമോഷന്‍  വരെ തടഞ്ഞുവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഒടുവില്‍ ഇന്നു ഹിയറിങ്ങിനെത്തുമ്പോള്‍ ചെറുപ്പക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു ഉറപ്പ്

ENGLISH SUMMARY:

Once hailed as "Collector Bro" on social media, IAS officer N. Prashanth now faces criticism from the same platforms. Known for his outspoken approach since the early days of his career, Prashanth has frequently locked horns with power centres — from MP M.K. Raghavan to ex-minister Mercykutty Amma, and now, even the Chief Secretary is on that list.