ഇരുട്ടിൽ ഉയരുന്ന വിളികൾ, ഇടവിട്ട് കേൾക്കുന്ന മണിയടി ശബ്ദങ്ങൾ, ഫോർട്ടു കൊച്ചിയിലെ ക്രൈസ്തവർ നൂറ്റാണ്ടുകളായി നടത്തി വരുന്ന ഒരു അനുഷ്ഠാനമുണ്ട്. പറങ്കികൾ എത്തിച്ച ദേവാസ്ത വിളി ഇന്നും ഒരു രഹസ്യമാണ്. പാപത്തെ കുറിച്ചും ചാവു ദോഷത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഓർമിപ്പിക്കുന്ന വരികൾ. ദേവാസ്തവിളി സമയത്തു തിരിഞ്ഞുനോക്കിയാൽ പിശാചിനെ കാണാമെന്നും വരെ വിശ്വാസം.
1550 ൽ കേരളത്തിലെത്തിയ ഫ്രാൻസിസ് സേവ്യറാണ് ഈ അനുഷ്ഠാന രൂപം പ്രചരിപ്പിച്ചത്. ഭക്തി, സമർപ്പണം എന്നൊക്കെ അർത്ഥമുള്ള ദേവോസം എന്ന പോർച്യുഗീസ് വാക്കിൽ നിന്നാണ് ‘ദേവാസ്ത’ എന്ന വാക്കുണ്ടായത്. ഉറക്കെ പറയുന്നതു കൊണ്ട് ‘വിളി’ എന്ന പേരുമിട്ടു. കുറഞ്ഞത് നാല് പേർ വേണമെന്നാണ് കണക്ക്. വലിയ ശബ്ദത്തിൽ പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ.
അന്യം നിന്ന് പോകുമായിരുന്ന ദേവാസ്ത വിളി, വീണ്ടും സജീവമാവുകയാണ്. പഴമ കാക്കാൻ, തിന്മയെ അകറ്റി നിർത്താൻ നന്മയുടെ ഈ വിളി ഇനിയും ഉയർന്നു കൊണ്ടേയിരിക്കും