മുനമ്പത്ത് ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി 414 ദിവസമായി നടത്തിവരുന്ന ഭൂസമരം തൽക്കാലികമായി അവസാനിപ്പിച്ചു. റവന്യുമന്ത്രി കെ.രാജനും വ്യവസായമന്ത്രി പി.രാജീവും നിരാഹാരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നതിനു മുൻപേ, സമരവേദിയിൽനിന്ന് ഒരു വിഭാഗം ആളുകൾ ഇറങ്ങിപ്പോയി മറ്റൊരിടത്ത് സമരം തുടർന്നു.
കരം സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയതിന് പിന്നാലെ സമരം താൽക്കാലികമായി അവസാനിപ്പിക്കാനുള്ള മുനമ്പം സംരക്ഷണ സമിതിയുടെ നീക്കം. കോർ കമ്മിറ്റിയിൽ തീരുമാനമെടുത്തതുപോലെ, പള്ളിയങ്കണത്തിലെ സമരപ്പന്തലിൽ സാമുദായിക- രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം. മുനമ്പം സമരത്തിന് സർക്കാർ നൽകിയ പിന്തുണ വേദിയിലും ആവർത്തിച്ച് മന്ത്രിമാർ.
എന്നാൽ സമ്മേളനം തുടങ്ങുന്നതിനു മുൻപേ, ഒരു വിഭാഗം ആളുകൾ സമരപ്പന്തലിൽ നിന്ന് ഇറങ്ങിപ്പോയി രണ്ടാം മുനമ്പം സമരം പ്രഖ്യാപിച്ചതോടെ സമരസമിതിയിലെ ഭിന്നത പുറത്തായി. നല്ലതും ചീത്തയുമായ രാഷ്ട്രീയ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ച മുനമ്പം സമരത്തിന്റെ നിർണായക ഘട്ടത്തിൽ തലവേദനയായി പുതിയ സാഹചര്യം.