File photo
പഞ്ചായത്തംഗം വിവാഹം കഴിച്ചാൽ വാർഡിൽ പാർക്ക് അനുവദിക്കാമെന്ന് മന്ത്രി സജി ചെറിയാൻ. മാന്നാർ പഞ്ചായത്തിലെ 12ാം വാർഡിലെ മെമ്പറും കോൺഗ്രസ് അംഗവുമായ അജിത്ത് പഴവൂറിനോടാണ് മന്ത്രിയുടെ തമാശ നിറഞ്ഞ അഭ്യർത്ഥന.
കുട്ടൻപേരൂർ കുന്നക്കാട്ട് കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിലിരിക്കുകയായിരുന്ന വാർഡംഗം അജിത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി പാർക്കിനായി 15 ലക്ഷം രൂപ വാർഡിന് അനുവദിക്കണമെന്ന അജിത് പഴവൂറിന്റെ ആവശ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് വിവാഹം കഴിച്ചാൽ പാർക്ക് അനുവദിക്കാമെന്നും ഭാര്യയുമൊത്ത് ചെന്നിരിക്കാമല്ലോ എന്നും മന്ത്രി പറഞ്ഞത്. ഇതോടെ വേദിയിൽ കൂട്ടച്ചിരി മുഴങ്ങി.
വേദിയിലിരുന്ന അജിത്ത് പഴവൂറും നാണമടക്കി വിവാഹത്തിന് സമ്മതിച്ചതായി തലയാട്ടിയപ്പോൾ എങ്കിൽ 15 ലക്ഷത്തിലുമധികം അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. മുൻ പഞ്ചായത്തംഗം ബിജെപിയുടെ കലാധരൻ കൈലാസും വിവാഹം കഴിച്ചിട്ടില്ലെന്ന് വേദിയിലിരിക്കുന്നവർ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹവും വിവാഹം കഴിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.