ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് യാസിറിന്റെ പക്കൽനിന്നു രണ്ടു കത്തികൾ കണ്ടെത്തി. കൈതപ്പൊയിൽ അങ്ങാടിയിൽനിന്നു വാങ്ങിയ പുതിയ സ്റ്റീൽ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. അതേ സമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു, ലഹരിക്കടിമയായിരുന്ന യാസിർ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയിരുന്നതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പറഞ്ഞു. ശാരീരിക മർദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവർ പറഞ്ഞു.
കൊല്ലപ്പെട്ട ഷിബിലയോട് ഭർത്താവ് യാസിർ ചെയ്ത കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയർ പറയുന്നു.
മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികത വൈകൃതമാണ് യാസിർ ഷിബിലയോട് ചെയ്തത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ തിരക്കിയ സാമൂഹ്യപ്രവർത്തകയോട് ഷിബില ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. രാവും പകലും യാസിർ മദ്യപിച്ചെത്തി ഷിബിലിയെ ഉപദ്രവിക്കുമായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതമാണ് ഷിബിലയെ തളർത്തിയതെന്നും ഇനി യാസിറിന്‍റെ കൂടെ പോകണ്ടെന്ന് ഷിബില പറഞ്ഞിരുന്നെന്നും ക്ലിനിക് വളണ്ടിയർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.