സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെതിരെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. ജാഗ്രതാ നിർദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം
തുറസായ സ്ഥലത്ത് നില്‍ക്കരുത്
ജനലും വാതിലും അടച്ചിടുക
വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുഴപ്പമില്ല.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനങ്ങൾ മരച്ചുവട്ടിൽ നിര്‍ത്തരുത്
കൈകാലുകൾ വാഹനത്തിന് പുറത്തിടരുത്
മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക
ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കരുത്, പൈപ്പിലൂടെ വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത് , മത്സ്യബന്ധനം പാടില്ല
പട്ടം പറത്തുന്നത് ഒഴിവാക്കുക.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല , പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.