മണ്ണില്ലാതെ കരിങ്കൽ മെറ്റലിൽ പച്ചക്കറി കൃഷി ചെയ്യാൻ സാധിക്കുമോ. പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് കാസർകോട് കീപ്പാടി സ്വദേശി കൃഷ്ണൻ.
മണ്ണിന് പകരം കരിങ്കൽ മെറ്റൽ വിരിച്ച് അതിൽ പച്ചക്കറി തൈ നട്ടപ്പോൾ കേട്ടവർ മൂക്കത്ത് വിരൽ വച്ചു. ചിലർ പരിഹസിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ കൃഷ്ണൻ തയ്യാറായില്ല. എല്ലാവരെയും ഞെട്ടിച്ച് മണ്ണും വളവുമില്ലാതെ വെള്ളം മാത്രമുപയോഗിച്ച് കൃഷി ചെയ്തു. നൂറ് മേനി വിളവ്.
റീ സർക്കുലേറ്റഡ് അക്വാപോണിക്സ് എന്നാണ് കൃഷി രീതിയുടെ പേര്. കൃഷിക്ക് മണ്ണോ വളങ്ങളോ ഒന്നും വേണ്ട. തൊട്ടടുത്തുള്ള മീൻകുളത്തിൽ നിന്ന് പുറം തള്ളുന്ന വെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് ഉപയോഗിക്കും. ചെടികൾക്ക് വളരാൻ ആവശ്യമായ നൈട്രജനും യൂറിയയും അമോണിയയും ഉൾപ്പെടെയുള്ള ഘടകങ്ങൾ ഈ വെള്ളത്തിലൂടെ ലഭിക്കും. കൃഷി സ്ഥലത്തേക്ക് അധികമായി വരുന്ന വെള്ളം തിരികെ കുളത്തിലേക്ക് വിടാനും സംവിധാനമുണ്ട്. കാണാം കൃഷ്ണന്റെ കൃഷി വിശേഷങ്ങൾ.