ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയും കുഞ്ഞുങ്ങളും കേരളത്തിന്‍റെ ഒന്നാകെ വേദനയാണ്. കെട്ടിപ്പിടിച്ച് നിന്നാണ് മൂന്നുപേരും മരണത്തെ വരവേറ്റത്. ട്രെയിനിന്‍റെ ഹോണ്‍ അടി കേട്ടിട്ടും ഇവര്‍ മാറിയില്ലെന്ന് ലോക്കോപൈലറ്റ് പറയുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് മുതിര്‍ന്ന ലോക്കോപൈലറ്റ് വേണുഗോപാൽ. പലപ്പോഴും വലിയ ട്രോമയാണ് ലോക്കോപൈലറ്റുമാര്‍ അനുഭവിക്കുന്നത്. പലരും തൊട്ടുമുന്‍പില്‍ ചിന്നിചിതറുമ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നത് വല്ലാത്ത വേദനയാണുണ്ടാക്കുന്നു, പുറത്ത് വന്ന സിസിടിവിയില്‍ ഇളയ കുട്ടി ഷൈനിയെ പിന്തിരിപ്പിക്കാൻ നോക്കുന്നതായി തോന്നിയെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും ട്രെയിനിന്‍റെ മുന്നില്‍ കയറി ആത്മഹത്യ ചെയ്യുന്നത് തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്നും വേണുഗോപാൽ പറയുന്നു. വളരെ ഉത്തരവാദിത്തവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണത് ലോക്കോപൈലറ്റെന്നും കൃത്യമായ സമയത്തും സുരക്ഷിതമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറയുന്നു.
അതേ സമയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുൻപു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്നും ഭർത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണ് ഷൈനി ഫോണിൽ പറയുന്നത്.