വടക്കന്‍ പറവൂരില്‍ തീര്‍ത്തും വേറിട്ടൊരു ഒത്തുചേരല്‍ നടന്നു. തൊണ്ണൂറുകളില്‍ വടക്കന്‍ പറവൂരില്‍ നിന്ന് വൈപ്പിനിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരായിരുന്നവര്‍ ഒത്തുകൂടി ഒാര്‍മകളിലേയ്ക്ക് ഒരു യാത്ര നടത്തി. സ്നേഹത്തിന്‍റെ ടിക്കറ്റ് നല്‍കി നാട്ടുകാരെയും സൗജന്യമായി ആ സഞ്ചാരത്തില്‍ ഒപ്പം കൂട്ടി.
കാലത്തിന് സഡണ്‍ ബ്രേക്കിട്ട്... ഓര്‍മകള്‍ക്ക് ഡബിള്‍ ബെല്ലടിച്ച്... അവര്‍ ഇന്നലെകളിലേയ്ക്ക് സഞ്ചരിച്ചു. 46 പേര്‍. തൊണ്ണൂറുകളില്‍ വടക്കന്‍ പറവൂരില്‍ നിന്നും വൈപ്പിനിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളിലെ കിളികളും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും. ഗോശ്രീ പാലങ്ങള്‍ വരുന്നതിന് മുന്‍പ് വൈപ്പിന്‍ ദ്വീപ് നിവാസികള്‍ക്ക് എറണാകുളം നഗരത്തിലേയ്ക്ക് പ്രവേശിക്കാന്‍ ബോട്ടുകളായിരുന്നു ആശ്രയം. പറവൂരില്‍ നിന്ന് യാത്രക്കാരുമായി ഒാരോ ബോട്ടുകളുടെയും സമയത്തിന് അനുസരിച്ച് വൈപ്പിന്‍ ജെട്ടിയിലേയ്ക്ക് ഇവര്‍ ബസ് സര്‍വീസ് നടത്തി.
ബസ് ജീവനക്കാരുടെ കുപ്പായം അഴിച്ചുവച്ച് പിന്നീട് ഇവര്‍ മറ്റു തൊഴിലുകളിലേയ്ക്ക് മാറി. എങ്കിലും സൗഹൃദത്തിന്‍റെ വളയത്തില്‍ നിന്ന് കൈയെടുത്തില്ല. ഒരിക്കല്‍ കൂടി ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. പഴയ സുഹൃത്തുക്കളിലൊരാള്‍ ബസ് ഇതിനായി വിട്ടു നല്‍കി. പഴയ റൂട്ടിലൂടെ വീണ്ടും സഞ്ചാരം. സ്നേഹത്തിന്‍റെ ടിക്കറ്റ് നല്‍കി നാട്ടുകാരെയും സൗജന്യമായി ആ സഞ്ചാരത്തിന്‍റെ ഭാഗമാക്കി.