ഏറ്റുമാനൂരില്‍ യുവതിയും രണ്ടുപെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂവരും ആത്മഹത്യ ചെയ്യാൻ പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഷൈനിയുടെ വീടിന് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ ഇളയമകൾ ബലംപിടിച്ചുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട്, ഷൈനി രണ്ട് മക്കളേയും പിടിച്ച് നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച പുലർച്ചെ നാലോടെയുള്ള ദൃശ്യങ്ങളാണിത്.
ഇതിനിടെ ഷൈനിയെ നോബി തല്ലിയിട്ടില്ലെന്ന് ആരോപിച്ച് നോബിയുടെ അമ്മ ആലിസ് രംഗത്ത് എത്തി. ‘ഷൈനിയെ എന്‍റെ മോന്‍ തല്ലിയിട്ടില്ല, കേൾക്കുന്നതെല്ലാം കള്ളമാണ്, അവര്‍ തമ്മില്‍ പ്രശ്നമുണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടില്ലാ, നല്ല സ്നേഹത്തിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. എന്‍റെ മോന്‍ ഒരു മദ്യപാനിയല്ലാ, വല്ലപ്പോഴും ഒന്ന് കുടിക്കും, അവളെ തല്ലിയിട്ടില്ലാ’ നോബിയുടെ അമ്മ പറഞ്ഞു.
അതേ സമയം മൂവരും മരിക്കുന്നതിന് തലേദിവസം ഷൈനിയുടെ ഭർത്താവ് നോബി ഫോണ്‍ വിളിച്ച് പ്രശ്നമുണ്ടാക്കിയതായി ഷൈനിയുടെ പിതാവ് കുര്യാക്കോസ് പറഞ്ഞു. അവസാനം നീയും കുട്ടികളും പോയി മരിക്കൂ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘർഷം താങ്ങാൻ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.