Untitled design - 1

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയത് മാനസിക വിഭ്രാന്തിയും അന്ധവിശ്വാസവും മൂലമല്ല. എംബിബിഎസ് പഠനം നിര്‍ത്തിയതിന്റെ പേരിൽ  നിരന്തരമായി  വഴക്ക് പറഞ്ഞതുകൊണ്ടുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

23 ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ളറട കിളിയൂരില്‍ ജോസിനെ, എംബിബിഎസ് വിദ്യാർഥിയായിരുന്ന മകന്‍ പ്രജിന്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അച്ഛന്‍റെ ജീവനെടുത്ത സ്വന്തം വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലും പ്രജിന്‍ കൂസലില്ലാതെയാണ് നിന്നത്. 

മാനസിക വിഭ്രാന്തിയല്ല, അച്ഛനോടുള്ള വൈരാഗ്യമാണ് അരുംകൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കാതെ ചൈനയില്‍ നിന്ന് വീട്ടിലെത്തി വെറുതേയിരുന്ന പ്രജിനെ അച്ഛന്‍ വഴക്ക് പറഞ്ഞതാണ് ശത്രുതയ്ക്ക് കാരണം. 

ജോസിന്റെ ഭാര്യ സുഷമയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ജോസിനെ വീടിന്റെ അടുക്കളയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസിന്റെ നെഞ്ചിലും കഴുത്തിലുമാണ് മകൻ വെട്ടിയത്. സംഭവത്തെ തുടർന്ന് സുഷമ വീട്ടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.  

മകനെ തെളിവെടുപ്പിനെത്തിക്കുന്നതിനാല്‍ അമ്മ വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. കൊല നടന്ന അടുക്കള ഭാഗത്തും പ്രജിത്തിന്‍റെ മുറിയിലുമെല്ലാമെത്തിച്ച് തെളിവെടുത്തു.  

ചൈനയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന പ്രജിൽ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചിരുന്നില്ല. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ ഇയാൾ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തന്നെയായിരുന്നു കൂടുതൽ സമയവും. ഇയാൾ വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ജോസ് വർഷങ്ങളായി കിളിയൂരിൽ ബ്രദേഴ്സ് ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. 

ENGLISH SUMMARY:

Prajin Killed His Father Without Any Mental Disorder