മനോരമ ന്യൂസ് കേരള കാനിന്‍റെ ഭാഗമാമായി ഫ്രാൻസിൽ നിന്നുള്ള ഹോസ്പിറ്റൽ ക്ലൗണിങ്ങ് സംഘം. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെത്തിയ പിന ബ്ലങ്ക്ഫോട്ടും കൂട്ടരും കോമാളി വേഷത്തിലെത്തി രോഗികളുടെയും ആശുപത്രിയിൽ എത്തിയവരുടെയും മുഖത്ത് ചിരി പടർത്തി.
ആശുപത്രി കിടക്കയിലെ അവശതകളും കൂട്ടിരിപ്പുക്കാരുടെ സങ്കടങ്ങളും ഇല്ലാതായ നിമിഷമാണ് കേരളാകാൻ 9-ാം പതിപ്പിലൂടെ ചിരിയിൽ ചേർത്ത് നൽകിയത്. അതിനു ഒപ്പം കൂടി പിന ബ്ലങ്ക്ഫോട്ടും കൂട്ടരും. മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ഹോസ്പിറ്റൽ ക്ലൗണിങ്ങ് ഏവരിലും കൗതുകം ഉണർത്തി. പിന്നെ പൊട്ടിച്ചിരിയിലേക്ക് അത് വഴിമാറി.
പിനയും ബ്രുണോ ക്രിയേഫും ആരോമലുണ്ണിയും മാജിക് കൂടി പുറത്തെടുത്തതോടെ വീണ്ടും അമ്പരപ്പ്, കൈയ്യടി. കുട്ടികൾക്കൊപ്പം കൂടി അവരെ ചിരിപ്പിച്ച് ക്ലൗണിങ്ങ് സംഘം. മക്കളുടെ ചിരി കണ്ടതോടെ മാതാപിതാക്കളും ഹാപ്പി. ജീവനക്കാർക്കും കൈ കൊടുത്താണ് പിനയും കൂട്ടരും ആശുപത്രിയിൽ നിന്നും മടങ്ങിയത്.