കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായലിന് കുറുകെ അഞ്ചരകിലോമീറ്റർ നീന്തി കയറി വൈക്കം സ്വദേശിയായ പത്തുവയസ്സുകാരൻ. ഉദയനാപുരം സ്വദേശി അനന്തകൃഷ്ണനാണ് സാഹസിക നീന്തൽ നടത്തിയത്.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായായിരുന്നു അനന്തകൃഷ്ണന്‍റെ സാഹസിക നീന്തൽ .വൈക്കം ഫയർ ആന്‍റ് റസ്ക്യൂ സ്റ്റേഷൻ ഓഫിസറായിരുന്ന ടി.ഷാജികുമാറിന്‍റെ ശിക്ഷണത്തിൽ ആറുമാസം മുമ്പ് ക്ഷേത്രക്കുളത്തിൽ നീന്തൽ പഠിച്ചതാണ് അനന്തകൃഷ്ണൻ.അഞ്ചാം ക്ലാസുകാരന്‍റെ നീന്തലിലുള്ള കഴിവ് കണ്ടറിഞ്ഞ ഷാജികുമാർ കോതമംഗലം സ്വദേശിയായ നീന്തൽ പരിശീലകന്‍റെ കീഴിൽ പരിശീലനത്തിനയച്ചു
മൂവാറ്റുപുഴയാറിലായിരുന്നു മാസങ്ങൾ നീണ്ട പരിശീലനം. രാവിലെ എട്ട് പതിനേഴിന് കൈകാൽ ബന്ധിച്ച് തുടങ്ങിയ നീന്തൽ ഒരു മണിക്കൂർ മുപ്പത്തിയൊന്ന് മിനിറ്റിൽ വൈക്കത്ത് കരതൊട്ടപ്പോൾ കയ്യടിയോടെ സ്വീകരിച്ച് നാട്ടുകാർ.
ഗായിക വൈക്കം വിജയലക്ഷ്മി, പൊലീസ് അഗ്നിരക്ഷാ സേനാംഗങ്ങളും ജനപ്രതിനിധികളും അനന്തകൃഷ്ണന്‍റെ നീന്തൽ കാണാനെത്തി. ഉദയനാപുരം സ്വദേശി രാജേഷ് - അഞ്ജു ദമ്പതികളുടെ മകനാണ്.