നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന് ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. അതിനുപിന്നാലെ തന്‍റെ അച്ഛന്‍റെ പേരില്‍ പലരും പണമുണ്ടാക്കുന്നുവെന്ന ആരോപണവുമായി ഗോപന്‍റെ മകന്‍ രാജസേനന്‍ രംഗത്തെത്തി.
‘എന്‍റെ അച്ഛന്‍റെ നാമം പറഞ്ഞ് പലരും പൈസ ഉണ്ടാക്കുന്നു, അച്ഛനെ ഒരിക്കലും കച്ചവടം ചെയ്യരുത്. പലരും അതാണ് ഇപ്പോള്‍ ചെയ്യുന്നത്. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല. ഭഗവാനെ വച്ച് ഞങ്ങള്‍ കച്ചവടം ചെയ്യില്ല. ഞങ്ങള്‍ക്ക് വരുമാനം ഇല്ല, ക്ഷേത്രത്തിലെ പൈസ ഞങ്ങള്‍ എടുക്കില്ല.’ - മകന്‍ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചും ഗോപന്റെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ടുമുതലേ ഉണ്ടായിരുന്നുവെന്നും ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. ദേഹത്ത് ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.