പ്രളയം തകര്‍ത്ത കാര്‍ഷിക സ്വപ്നങ്ങളെ കഠിനാധ്വാനത്തിലൂടെ തിരിച്ചുപിടിച്ച കോഴിക്കോട്ടെ ചന്ദ്രേട്ടന്‍ സ്വന്തം പഞ്ചായത്തിലുള്ളവര്‍ക്ക് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു. ചാത്തമംഗലത്തെ എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ രണ്ടുലക്ഷം സൗജന്യം പച്ചക്കറിത്തൈകള്‍. തൈകളുടെ വിതരണവും ചന്ദ്രേട്ടന്റ ഹൈ ടെക് നഴ്സറിയും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇന്ന് ഉദ്ഘാടനം ചെയ്യും.
2018 ലേയും19 ലേയും പ്രളയമാണ് ചന്ദ്രേട്ടന്റ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്. കുട്ടിക്കാലം മുതല്‍ മണ്ണിനെ സ്നേഹിച്ച ചന്ദ്രന് പക്ഷെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ തയാറാല്ലായിരുന്നു. വീടിനോട് ചേര്‍ന്ന നഴ്സറി വെള്ളം കയറി നശിച്ചപ്പോള്‍ അഞ്ച് ഏക്കര്‍ പാട്ടത്തിനെടുത്ത് സംസ്ഥാന ഹോല്‍ട്ടികള്‍ച്ചര്‍ മിഷന്‍റെ സഹകരണത്തില്‍ വീണ്ടും നഴ്സറി തുടങ്ങി.
പ്രതീക്ഷകള്‍ ഒന്നൊന്നായി നാമ്പിട്ടു തുടങ്ങിയപ്പോഴാണ് നേട്ടത്തിന്റ ഒരുഭാഗം സ്വന്തം നാട്ടുകാര്‍ക്കും കൊടുക്കണമെന്ന് തോന്നിയത്. അങ്ങനെയാണ് ചാത്തമംഗലം പഞ്ചായത്തിലെ ഓരോ കുടുംബത്തിലും പഞ്ചായത്ത് പ്രതിനിധികള്‍ വഴി പച്ചക്കറിത്തൈകള്‍ എത്തിച്ച് നല്‍കാന്‍ തീരുമാനിച്ചത്.