കൈക്കരുത്തിന്റെ ഗോദയിൽ അനിയത്തിയോടൊപ്പം ഒരു കൈ നോക്കാനിറങ്ങിയ ചേട്ടൻ. തൃശൂർ ഒളരി സ്വദേശികളായ നരേനും നയനേന്ദുവും പഞ്ചഗുസ്തിയിൽ ഒപ്പത്തിനൊപ്പമാണ്. അന്താരാഷ്ട്ര പഞ്ചഗുസ്തിയിൽ യോഗ്യത നേടിയ നയനേന്ദുവിന് മത്സരത്തിനിറങ്ങണമെങ്കിൽ സാമ്പത്തിക സഹായം കൂടിയേ തീരൂ.
നാല് വർഷം മുമ്പ് അനിയത്തിയായ നയനേന്ദുവിനെ ഗുസ്തി ക്ലാസിൽ കൊണ്ടാക്കാൻ പോയതാണ് ചേട്ടനായ നരേൻ . പെൺകുട്ടികൾ മാത്രം അഭ്യസിക്കുന്ന അക്കാദമിയിൽ കരുത്ത് പരീക്ഷിക്കാൻ അവനൊരു മോഹം തോന്നി. പീന്നീട് നരേന്റെ ആഗ്രഹവും മനസ്സിലാക്കിയ പരിശീലകൻ ക്ലാസ്സിൽ അവനെ ഒപ്പം കൂട്ടി. തൃശൂർ എടു ഫിറ്റ് അക്കാദമിയിലെ ഒരേയൊരു ആൺകുട്ടി .
തൃശൂർ ഒളരി സ്വദേശികളായ നരേനും നയനേന്ദുവും പഞ്ചഗുസ്തിയിൽ ഒപ്പത്തിനൊപ്പമാണ്. ഹരിയാനയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നയനേന്ദു സ്വർണം കരസ്ഥമാക്കി. യുഎസിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പ് മത്സരത്തിൽ യോഗ്യതയും നേടി. പക്ഷേ നയനേന്ദുവിന് ലക്ഷ്യം നേടണമെങ്കിൽ സാമ്പത്തിക സഹായം കൂടിയേ തീരൂ. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ രണ്ടു വെള്ളി നേടിയ നരേൻ അന്താരാഷ്ട്രതലത്തിൽ മത്സരിക്കാനുള്ള തീവ്രശ്രമത്തിലാണ്.