പ്രണയം പല രൂപഭാവങ്ങളിൽ ചർച്ചയാവുന്ന കാലമാണല്ലോ.. പ്രണയം കൊണ്ട് നിറങ്ങള്‍ നെയ്തവര്‍, പിച്ചിച്ചീന്തപെട്ടവർ, ജീവനെടുത്തവർ, അങ്ങനെ പ്രണയം ആൽഫ യുഗത്തിലും സജീവമാണ്.. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ സജീവ എസ് എഫ് ഐ നേതാവായിരുന്ന ഗോപാൽജി പ്രണയം കൊണ്ട് മുറിവേറ്റ സഖാവാണ്. ഈ വാലന്‍റൈന്‍സ് ദിനത്തില്‍ തീര്‍ച്ചയായും ഓര്‍മിക്കപ്പെടേണ്ടതാണ് ആ പ്രണയകഥ. സുരഭിലമായൊരു പ്രണയ കഥയല്ല മറിച്ച് കൈവെള്ളയിൽ നിന്നൊലിച്ചു പോയ പ്രണയം കൊണ്ട് മുറിവേറ്റവന്‍റെ കഥയാണിത്.
92 മുതല്‍ 98 വരെയുള്ള കാലഘട്ടത്തിലേതാണ് ഈ കഥ. പ്രീ ഡിഗ്രിക്ക് സെന്റ് പീറ്റേഴ്സ് കോളേജിൽ ചേർന്നപ്പോളാണ് അവന്‍ അവളെ കാണുന്നതും ഇഷ്ടമാവുന്നതും. പ്രണയം ആദ്യം പറഞ്ഞത് ഗോപാല്‍ തന്നെ.. "ഇഷ്ടമാണോ എന്നെ എന്നായിരുന്നു ചോദ്യം?, അല്ലെന്ന് പറഞ്ഞില്ല , എന്നാൽ ആണെന്നും പറഞ്ഞല്ല "അങ്ങനെയായിരുന്നു തുടക്കം. പക്ഷെ തുറന്ന് പറഞ്ഞ ഒന്നുണ്ട്. ഒപ്പം ഉണ്ടാവാനാണ് ഒരു രാഷ്ട്രീയ ബോധ്യവും ഇല്ലാഞ്ഞിട്ടും പൊളിറ്റിക്സ് പഠന വിഷയമായി എടുത്തത് എന്ന്.
ക്യാംപസില്‍ എപ്പോഴും അവര്‍ ഒരുമിച്ചുണ്ടായിരുന്നു. എപ്പോഴൊക്കെ കാണാൻ തോന്നിയാലും ഗോപാൽജി ക്ലാസിന്‍റെ വാതിപ്പടിയില്‍ ചെല്ലും. അധ്യാപകര്‍ക്കുപോലും അറിയാം ആ ഇഷ്ടം. ഒപ്പം പോകാന്‍ അവള്‍ക്ക് അവരും അനുവാദം നല്‍കും. പ്രയപ്പെട്ടവനില്‍ അവള്‍ക്ക് തികഞ്ഞ വിശ്വാസമായിരുന്നു. പക്ഷേ രാഷ്ട്രീയ നിലപാടിനോട് ഭയവും. കണ്ണൂരില്‍ രാഷ്ട്രീയ ചേരിതിരിവ് മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലം. ഇടയ്ക്കിടെ രഷ്ട്രീയ കൊലപാതകങ്ങള്‍ . എനിക്ക് ഭയമാണ്. അവള്‍ ഇതിടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരിക്കും. അവര്‍ക്കിടയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന പരിഭവങ്ങള്‍ക്കുള്ള ഒരേയൊരു കാരണവും ഈ രാഷ്ട്രീയ സംഘര്‍ഷങ്ങളായിരുന്നു.
എനിക്കൊന്നും വരില്ല..നീ എന്നിൽ സുരക്ഷിതയായിക്കും. ഇതായിരുന്നു മറുപടിയായി അവള്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. 1998 ഫെബ്രുവരി 10. നിറങ്ങളില്‍ നിഴല്‍ വീണ രാത്രി. ഗോപാല്‍ജിയെ തേടി കുറച്ച് പേര്‍ വീട്ടില്‍ വന്നു. അയാൾ തൊട്ടടുത്ത അമ്പലപ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ അമ്മ പറഞ്ഞു,"നിന്നെ അന്വേഷിച്ച് കോളേജിൽ നിന്ന് കുറച്ച് അധ്യാപകരും കുട്ടികളും വന്നിരുന്നു. ഒരു കുട്ടി മരിച്ചുപോയി, അത് അറിയിക്കാന്‍ വന്നതാണ് എന്ന്.മൂവായിരത്തിലേറെപ്പേര്‍ പഠിക്കുന്ന കോളജിലെ ഒരുകുട്ടി മരിച്ച വിവരം അറിയിക്കാനായി അധ്യാപകരടക്കം എത്തയതിതില്‍ ഗോപാല്‍ജി അപ്പോഴേ ഒരപകടം മണത്തു.
ക്യാംപസിലെത്തിയപ്പോള്‍ കൊടിമരത്തില്‍ കറുത്തകൊടി ഉയര്‍ത്തിയിരുന്നു . ഡിപ്പോര്‍ട്ടുമെന്‍റിലേക്കെത്തയപ്പോള്‍ അധ്യാപകരടക്കം ചുറ്റുംകൂടി . പിടിച്ചിരുത്തി. അവരുടെ മുഖത്ത് തളം കെട്ടിനിന്ന വേദനയിൽനിന്ന് ഗോപാൽജിക്ക് കാര്യം മനസ്സിലായി. തന്നോടൊപ്പമായിരുന്നവൾ , എന്നും ഒപ്പമുണ്ടാകുമെന്ന് കരുതിയവള്‍ ഇനിയില്ല. കൂട്ടുകാർ ചേർത്തുനിർത്തി എന്ന ഒറ്റക്കാരണത്താലാണ് പിന്നീടങ്ങോട്ട് ഈ കഥ പറയാൻ ഗോപാൽജി ബാക്കിയായത്.
അവരുടെ പ്രണയം ക്യാമ്പസിലായിരുന്നു. എല്ലാരുടേയും കണ്‍മുന്നിലായിരുന്നു. എല്ലാം നേരില്‍ പറഞ്ഞുകൊണ്ടായിരുന്നു. അവള്‍ക്ക് അവസാനമായി കൈമാിയ ക്രിസ്മസ് കാര്‍ഡില്‍ ഗോപാല്‍ജിയെഴുതിയ വരികളില്‍ മരണം മഷിപുരട്ടിയിരുന്നു. അവസാനത്തെ ക്രിസ്മസ് കാലത്തിന്‍റെ ഓർമ്മയ്ക്ക് എന്നായിരുന്നു ഗോപാൽജി ആ കാർഡിൽ ആശംസകൾ ആയി എഴുതിയത്. അറംപറ്റിപ്പോയ ആ വാക്കുകളെ ഓർത്ത് ഇന്നും ഗോപാൽജിയുടെ മനസ്സ് വിങ്ങുന്നുണ്ട്.
പ്രണയിനിമടങ്ങിയ ശേഷം ശൂന്യമായി മാറിയ ജീവിതത്തോട് ഗോപാല്‍ജിക്ക് നീരസമോ പകയോ ഉണ്ടായിരുന്നില്ല. പക്ഷേ തുടര്‍ന്നുള്ള ജീവിത്തിന് വര്‍ണമോ ആഴമോ ഉണ്ടായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി മാത്രം ഒരു ജീവിതം . അതിനായൊരു തൊഴില്‍. മികച്ച രീതിയില്‍ എംഎ പാസായി . പിഎസ്സി എഴുതി റാങ്ക് ലിസ്റ്റിലും വന്നു. പക്ഷേ വലിയ ജോലിയൊന്നും ഗോപാല്‍ജിയെ ഭ്രമിപ്പിച്ചില്ല . നാട്ടില്‍ സാധാരണ ജോലികള്‍ ചെയ്ത് നിത്യവൃത്തി കഴിക്കുകയാണിപ്പോള്‍.
പ്രണയമല്ലാതെ മറ്റൊന്നും കൂട്ടായി അയാള്‍ക്കില്ലായിരുന്നു. എങ്കിലും അവള്‍ക്കൊപ്പമായിരുന്നപ്പോള്‍ ഇഷ്ടപ്പെട്ടിരുന്ന ചിലതൊക്കെ ഇന്നും ഗോപാല്‍ജിക്കൊപ്പമുണ്ട്. നന്നായി വായിക്കും. പുസ്തകങ്ങളോടാണ് ഇപ്പോഴത്തെ പ്രേമം. അവള്‍ പോയ കാലത്ത് എഴുതാന്‍ ശ്രമിച്ചിരുന്നു. അതിലെ രണ്ടു വരികൾ ഇങ്ങനെയാണ്. " അന്തി ആകുമ്പോൾ ആധിയാണ്. ആരുമില്ലല്ലോ എന്ന ആധി ". ആ വരികൾ വായിച്ച സുഹൃത്തുക്കൾ ഗോപാൽജിയോട് പറഞ്ഞു. ഈ വരികള്‍ക്ക് മരണത്തിന്‍റ മണമുണ്ടെന്ന്. പിന്നെ എഴുതാന്‍ ശ്രമിച്ചതുമില്ല.
അവളിനി ഇല്ലല്ലോ എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ കരുത്തേകിയത് കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റാക്കി എന്നതാണ് പ്രണയം ഗോപാല്‍ജിയോട് കാട്ടിയ ഏക നീതി. അവൾ ഇനി ഇല്ല. ഈ ഭൂമിയിൽ ഇല്ലാത്ത ജീവിതം മറ്റൊരിടത്ത് ഉണ്ടാകും എന്ന് ഗോപാൽജി വിശ്വസിക്കുന്നുമില്ല. എങ്കിലും ഒരു കാര്യം ഉറച്ചു വിശ്വസിക്കുന്നു. ഓർമ്മ നശിക്കുന്ന കാലം വരെയും അവളും അവൾ ഉണ്ടായിരുന്ന നേരവും സ്മൃതിയിലുണ്ടാകും. ആരും കാണാതെ ഇന്നും സൂക്ഷിക്കുന്ന അവളുടെ ചിത്രം നോക്കി ഗോപാൽജി എന്നും പറയും.. എന്നിലുള്ളത്ര നീ നിന്നിൽ പോലുമില്ല..