image: x.com/YSRCParty
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് സഹപാഠിയായ മുന്‍കാമുകിക്ക് നേരെ ആസിഡാക്രമണം നടത്തി, കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്. ആന്ധ്രപ്രദേശിലെ ഗുറംകൊണ്ട മണ്ഡലിലാണ് സംഭവം. 22കാരിയായ ഗൗതമിയെന്ന പെണ്‍കുട്ടിക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികില്‍സയിലാണ്. പ്രതി ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.
ഗണേഷും ഗൗതമിയും മുന്‍പ് പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വീട്ടില്‍ എതിര്‍പ്പുയര്‍ന്നതോടെ ഗൗതമി ബന്ധത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മറ്റൊരു യുവാവുമായി വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചു. വാലന്‍റൈന്‍സ് ദിനത്തില്‍ വീണ്ടും ഗണേഷ് പ്രണയം പറഞ്ഞെത്തിയതോടെ സാധ്യമല്ലെന്നും മറ്റൊരു വിവാഹത്തിനായി തയ്യാറെടുക്കുകയാണെന്നും ഗൗതമി അറിച്ചു.
ഇതോടെ വിഷയം സംസാരിച്ച് തീര്‍ക്കുന്നതിനായി ഗണേഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തി. ബാത്ത്റൂം ക്ലീനറായി ഉപയോഗിക്കുന്ന ആസിഡും കത്തിയും കയ്യില്‍ യുവാവ് കരുതിയിരുന്നുവെന്നും പൊലീസ് പറയുന്നു. സംസാരിക്കുന്നതിനിടെ ഗൗതമിയുടെ മുഖത്തേക്ക് ഗണേഷ് ആസിഡൊഴിച്ചുവെന്നും ശേഷം മാരകമായി കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നുമാണ് എഫ്ഐആര്‍.
ഗൗതിമിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗണേഷ് ഓടി രക്ഷപെടുകയും ചെയ്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ഗണേഷിനെ പൊലീസ് പിടികൂടി. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഗൗതമിക്ക് സാധ്യമായ ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.