'കണ്ണുകൾ കൊണ്ട് പ്രണയിക്കുന്നവർക്ക് മാത്രമാണ് വിടവാങ്ങലുകൾ. ഹൃദയവും ആത്മാവും കൊണ്ട് പ്രണയിക്കുന്നവർക്ക് വിരഹവുമില്ല വിടവാങ്ങലുമില്ല..'
ജലാലുദ്ദീൻ റൂമിയുടെ ഈ വരികൾ രമേശ് കുമാറിനെക്കാൾ അന്വർഥമാക്കിയ മറ്റൊരു മനുഷ്യൻ ഉണ്ടോ എന്ന് സംശയമാണ്.. ജീവന്‍റെ നല്ല പാതിയെ പാതി വഴിയിൽ അര്‍ബുദത്തിന്‍റെ രൂപത്തിൽ വിധി തട്ടിയെടുത്തിട്ടും ആ മനുഷ്യൻ ഇന്നും ഒരുപാട് നുള്ളുമ്മകളും കെട്ടിപിടിത്തങ്ങളും ചേർത്തു പിടിക്കലുകളുമൊക്കെയായി തന്‍റെ പ്രണയത്തെ തന്നോട് ചേർത്തു നിർത്തുന്നു. വർഷങ്ങൾ കടന്നുപോയിട്ടും ഈ ലോകത്തോട് മുഴുവൻ അയാൾ തന്‍റെ പ്രണയം വീണ്ടും വീണ്ടും ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു. അക്ഷരങ്ങളിലൂടെ തന്‍റെ സഖിയെ ഈ ലോകത്ത് ജീവിപ്പിച്ച് നിർത്തുന്നു..
രമേശിന് അതൊരു വാശിയാണ്.. ജീവിതത്തോട് തന്നെയുള്ള വാശി..അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും ജീവിതം തട്ടിപ്പറിച്ചുകളഞ്ഞാൽ, അവിടെ എല്ലാമവസാനിപ്പിച്ച് തോൽവി സമ്മതിക്കാൻ മനസില്ലാത്ത, തലകുനിച്ചു മടങ്ങാൻ മനസ്സില്ലാത്ത ഒരുവന്‍റെ ഒരു കുഞ്ഞു വാശി....
പല കാലങ്ങളിലായി അശ്വതിയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ച രമേശിന്‍റെ അക്ഷരങ്ങൾ നിങ്ങളുടെ ഉള്ളു പൊള്ളിക്കും. കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കണ്ണികൾ ഭൂമിയിൽ നിന്നും അറ്റുപോയിട്ടില്ലെന്നോർത്ത് കണ്ണുനിറയും. അതിനുമപ്പുറം നിങ്ങളെറെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍റെ മുഖം നിങ്ങളുടെ ഉള്ളിൽ നിറയും... ആ മനുഷ്യൻ നഷ്ടപ്പെടുന്ന നിമിഷത്തെ നിങ്ങൾ മനക്കണ്ണാല്‍ കാണും..നിങ്ങളുടെ ഉള്ളു വിങ്ങും. മുൻപൊരിക്കലും തോന്നാത്ത വണ്ണം ആ മനുഷ്യനോട് നിങ്ങൾക്ക് സ്നേഹം തോന്നും.. ഏറെ ഇനിയുമേറെ ആ മനുഷ്യൻ നിങ്ങളാൽ സ്നേഹിക്കാപ്പെടാനുണ്ട് എന്ന് നിങ്ങളുടെ മനസ് മന്ത്രിക്കും... കാരണം നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണല്ലോ സ്നേഹത്തിന് മൂർച്ച കൂടുന്നത്...
രമേശിന്‍റെ സ്വർഗ്ഗ രാജ്യം
രമേശിന് അശ്വതി, രമേശിന്റ ഭാഷയിൽ പറഞ്ഞാൽ 'അച്ചു' എന്നാൽ താൻ തന്നെയായിരുന്നു..തന്‍റെ അതേ ഇഷ്ടങ്ങളും
അനിഷ്ടങ്ങളും കിറുക്കുകളുമുള്ള, യാത്രകളും കഥയും പാട്ടും ഭക്ഷണവും എല്ലാം തന്നോളം ഇഷ്ടപ്പെടുന്ന തന്‍റെ തന്നെ മറ്റൊരു പതിപ്പ്..പട്ടാമ്പി സ്വദേശിയായ രമേശും എറണാകുളം സ്വദേശിയായ അശ്വതിയും തമ്മിൽ കണ്ട് മുട്ടുന്നത് ഫേസ്‌ബുക്കിലൂടെയാണ്.. എഫ്ബിയിൽ മൊട്ടിട്ട സൗഹൃദം പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വഴുതി മാറി. നേരിൽ കാണുന്നതിന് മുൻപ് തന്നെ ശബ്ദങ്ങളിലൂടെ ഇരുവരും പരസ്പരം അത്രമാത്രം അടുത്തു. എന്തും തുറന്ന് സംസാരിക്കുന്ന സുഹൃത്തുക്കളായി...
സ്നേഹം തീക്ഷ്‌ണവും തീവ്രവുമായ നിമിഷത്തിൽ പരസ്പരം കണ്ടുമുട്ടാമെന്നായി. അങ്ങനെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടി...ഉള്ളിൽ നിറഞ്ഞു തുളുമ്പിയ സ്നേഹം കണ്ടുമുട്ടലോടെ നഷ്ടമാകുമോ എന്നു ഭയന്നിരുന്ന ഇരുവർക്കും തെറ്റി. സ്നേഹം പതിൻമടങ്ങ് ആഴത്തിൽ ഉള്ളിൽ വന്നു നിറഞ്ഞു. പോകാൻ നേരം അശ്വതി ചോദിച്ചു. മാഷേ എന്‍റെ കയ്യിൽ ഒന്നു പിടിക്കുമോ?? രമേശിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. പിടിച്ചാൽ പിന്നെ വിടില്ല. ജീവിതകാലം മുഴുവൻ പിടിച്ച് പോകും. അന്ന് ചേർത്തു പിടിച്ചതാണ് രമേശ് അശ്വതിയെ. വിവാഹത്തിന് ആദ്യം ചില എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും മറികടന്ന് 2014 സെപ്റ്റംബർ രണ്ടിന് ഇരുവരും വിവാഹിതരായി. പിന്നീടങ്ങോട്ട് അക്ഷരാർഥത്തിൽ ജീവിതം ആസ്വദിക്കുക തന്നെയായിരുന്നു...
ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. പരസ്പരം പാട്ടുകൾ പാടും. പാതിരാത്രി ബൈക്ക് എടുത്ത് കറങ്ങും. തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കും. ഒരുമിച്ച് എങ്ങോട്ടെന്നില്ലാതെ യാത്രകൾ ചെയ്യും. ജീവിതം അത്രമേൽ മനോഹരമായിരുന്ന കാലം. വിവാഹം കഴിക്കുമ്പോൾ ഇരുവർക്കും മുപ്പതുവയസ്. അതുകൊണ്ട് ഉടൻ കുഞ്ഞുങ്ങൾ ആകാം എന്നുതന്നെ തീരുമാനിച്ചു. മൂന്ന് മാസങ്ങൾക്കകം അശ്വതി ഗർഭിണിയായി. അങ്ങനെ കൃഷ്ണ ഹരി എന്ന കിച്ചുവും ജീവിതത്തിലേക്ക് എത്തി. രമേഷും അച്ചുവും കിച്ചുവുമടങ്ങിയ സ്വർഗരാജ്യം...
ഞണ്ടുകളുടെ നാട്ടിൽ...
ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നതിനിടെ ഒരു ദിവസം പട്ടാമ്പിയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അശ്വതിക്ക് നടുവേദന അനുഭവപ്പെടുന്നത്.. വീട്ടിലെത്തി വിശ്രമിച്ചിട്ടും വേദന കുറഞ്ഞില്ല. സിസേറിയന്‍റെ ഭാഗമായുണ്ടായ വേദനയാണെന്ന് ആദ്യം കരുതി.
രണ്ട് മൂന്ന് ഡോക്ടർമാരെ കാണിച്ചു. കാര്യമായ മാറ്റം ഇല്ല. അപ്പോഴാണ് വയറിന് ആ പഴയ സോഫ്റ്റ്‌നെസ് ഇല്ല എന്ന് തിരിച്ചറിയുന്നത്. വീണ്ടും ഒരു നല്ല ഡോക്ടറെ തന്നെ കാണിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ 10 ദിവസത്തിനുള്ളിൽ നാലാമത്തെ ഡോക്ടർ. സ്‌കാൻ ചെയ്തു. മനസ്സിൽ വല്ലാത്ത ടെൻഷൻ. സ്കാനിംഗ് മുറിയിൽ നിന്നും പുറത്തിറങ്ങി ഡോക്ടറുടെ ഒപിയിലേക്കു നടക്കുന്നതിനിടയിൽ അശ്വതി പറഞ്ഞു, ‘‘അൽപം കഴിയുമ്പോൾ വിളിക്കും. ഡോക്ടർ പറയുന്നതു കേട്ടു തലകറങ്ങി വീഴാനൊന്നും നിൽക്കേണ്ട. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നമുക്ക് ചികിത്സിക്കാം.’’
ആ പറച്ചിലിൽ തന്നെ രമേശിന് ഒരു പന്തികേട് തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വിളിച്ചു. നെഞ്ചിടിപ്പ് കൂടി. ഡോക്ടറുടെ മുറിയിൽ കയറി.
ഓവറിയിൽ കാൻസർ സാധ്യതയുള്ള മുഴയുണ്ട്. ബയോപ്‌സി ചെയ്യണം. എന്നാലേ ഉറപ്പിക്കാനാകൂ. അങ്ങനെ ആർ.സി.സിയിൽ എത്തി.അവിടെ പരിശോധനകൾ നടത്തി. അഞ്ച് ദിവസങ്ങൾക്ക് ശേഷം ബയോപ്‌സി ഫലം വന്നു. റിസൾട്ടുമായി ഡോക്ടറുടെ മുറിയിൽ എത്തി. റിസൾട്ട് വാങ്ങി നോക്കി ഡോക്ടർ പറഞ്ഞു.
‘‘സാരമില്ലെടോ.. നമുക്ക് ശരിയാക്കാം. നിങ്ങൾ പോയി ഫോം പൂരിപ്പിച്ചു കൊണ്ടുവാ..’’ കണ്ണിൽ ഇരുട്ട് കയറി. അശ്വതിക്ക് കാൻസർ ആണ് എന്നു ഡോക്ടർ പറയാതെ പറഞ്ഞത് അങ്ങനെയാണ്...കാൻസറിന്‍റെ നാലാം ഘട്ടമായിരുന്നു അവൾക്കപ്പോൾ..
ഞാൻ തളർന്നാൽ അവളും തളരും. എല്ലാം വരുന്നിടത്ത് വെച്ച് നേരിടാൻ തന്നെ തീരുമാനിച്ചു. ‘ഒക്കെ ശരിയാവും. എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.. എന്തും നേരിടാൻ ധൈര്യം സംഭരിച്ചു.
ചികിത്സയ്ക്കിടെയിലും ഞങ്ങളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ ഞങ്ങൾ സന്തോഷം കണ്ടെത്തികൊണ്ടിരുന്നു. ഒരു കാര്യം ചെയ്യണം എന്ന് തോന്നിയാൽ അത് മാറ്റിവെക്കാതെ അപ്പപ്പോൾ തന്നെ ചെയ്യാൻ തുടങ്ങി.
കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ സച്ചിനുണ്ടെന്നറിഞ്ഞപ്പോൾ കളികാണാൻ പോയാലോ എന്നൊരാഗ്രഹം അശ്വതി പറഞ്ഞു. രണ്ടാംഘട്ട കീമോ നടക്കുന്ന സമയമാണ്. ആരോഗ്യം മോശമാണ്. എന്നാലും പോകാൻ തന്നെ തീരുമാനിച്ചു. രമേശും സുഹൃത്തുക്കളും ചേർന്ന് ആംബുലൻസ് അടക്കം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. അങ്ങനെ ഗാലറിയിൽ ഇരുന്ന് അശ്വതി സച്ചിനെ കൺകുളിർക്കെ കണ്ടു.
പതിയെ പതിയെ അശ്വതിയുടെ മുടി കൊഴിയാൻ തുടങ്ങി. ഒരു ക്യാപ് വാങ്ങി വെച്ച് ജീൻസും കുർത്തയും ഇട്ടായി പിന്നീടുള്ള നടത്തം. വിഗ് വെക്കേണ്ട എന്നായിരുന്നു തീരുമാനം.
ജീവിതമങ്ങനെ വീണ്ടും മുന്നോട്ട് പോയി. ശസ്ത്രക്രിയയിൽ ഓവറികളും യൂട്രസും ഒക്കെ നീക്കം ചെയ്തു.കരളിലേക്കും രോഗം പടർന്നിട്ടുണ്ടായിരുന്നു.
കീമോഅവസാനിച്ചപ്പോൾ ഡോക്ടർ പറഞ്ഞു. ഇപ്പോൾ അശ്വതിയുെട ശരീരത്തിൽ കാൻസർ ഇല്ല. പക്ഷേ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം. ‘‘അഞ്ചുവർഷം വരെ കാൻസർ തിരിച്ചുവന്നില്ലെങ്കിൽ ആയുസ്സ് നമുക്ക് കൂടുതൽ കിട്ടും.’’പിന്നീടങ്ങോട്ട് വീണ്ടും സമാധാനത്തിന്റെയും പ്രത്യാശയുടെയും ദിനങ്ങൾ.
വില്ലനായി വീണ്ടും.
എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ ആയില്ല. പത്തു മാസങ്ങൾക്ക് ശേഷം അശ്വതിക്കു വീണ്ടും കാൻസർ തിരിച്ചുവന്നു. അതും മുമ്പത്തേക്കാൾ തീവ്രമായി തന്നെ. വീണ്ടും ആശുപത്രിവാസം. ഇനി അധികം കാലം ആയുസില്ലെന്ന് അവള്‍ തന്നെ ഏറെക്കുറെ ഉറപ്പിച്ച മട്ടായിടുന്നു. കിച്ചുവിന്‍റെ കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ അവൾ രമേശിനെ പ്രാപ്തമാക്കികൊണ്ടിരുന്നു. അവന്‍റെ ഓരോ കാര്യങ്ങളും പറഞ്ഞേൽപ്പിക്കാൻ തുടങ്ങി. ഓർക്കേണ്ട കാര്യങ്ങൾ ഡയറിയിൽ കുറിച്ച് വെക്കാൻ പറഞ്ഞു..
കുഞ്ഞിനെ മടിയിലിരുത്തി എല്ലാ പ്രിയപ്പെട്ട ബന്ധുക്കളുടെയും ഫോട്ടോ കാണിച്ചു പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. കൂട്ടത്തിൽ അമ്മ കുറച്ചു കഴിഞ്ഞാൽ തമ്പായിയുടെ അടുത്ത് പോകും എന്നും ആ കുഞ്ഞു മനസിനെ പറഞ്ഞു പഠിപ്പിച്ചു. കിച്ചുവിനെ തന്‍റെ വിയോഗം താങ്ങാൻ അവൾ പ്രാപ്തമാക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള അവസാന യാത്രയിൽ കുഞ്ഞിനെ കൂടെക്കൂട്ടേണ്ട എന്നവൾ പറഞ്ഞു..മരുന്നുകിടക്കയിൽ ഇങ്ങനെ കിടക്കുന്നതാവരുത് തന്നെക്കുറിച്ചുള്ള കിച്ചുവിന്‍റെ അവസാന ഓർമ എന്നവൾക്ക് നിർബന്ധം ഉണ്ടായിരുന്നു.
രോഗം മൂർച്ഛിച്ചുകൊണ്ടിരുന്ന ഒരു ദിവസം അവൾ രമേശിനെ അടുത്ത് വിളിച്ച് പറഞ്ഞു. ‘‘ഒരു ദിവസം രാവിലെ വിളിച്ചാൽ ഞാൻ ഉണരില്ല...കരയാതെ. ബഹളമുണ്ടാക്കാക്കാതെ പുറത്തു പോയി എല്ലാരോടും പറഞ്ഞ് സമാധാനമായിട്ട് ഇരിക്കണം. ഞാൻ പോയാൽ താടിയും മുടിയുമൊന്നും നീട്ടിവളർത്തി നടക്കരുത്. നിളയുടെ തീരത്ത് എന്ത് റിസ്ക്ക് എടുത്തും എന്നെ അടക്കണം. അച്ഛനും മോനും അവിടെ വരണം".
വാക്കുകൾ അറം പറ്റിയ പോലെ.. മൂന്ന് ദിവസങ്ങൾക്ക് ശേഷം രമേശിനെയും കിച്ചുവിനെയും തനിച്ചാക്കി അവൾ ഈ ലോകത്തോട് വിട പറഞ്ഞു...
അച്ഛനും കിച്ചുവും
അശ്വതി ഉണ്ടാക്കിയ ശൂന്യത വിചാരിച്ചതിലും അപ്പുറമായിരുന്നു രമേശിന്. തന്‍റെ പാതി ജീവൻ നഷ്ടപ്പെട്ട പോലെയായായിരുന്നു. അയാൾക്ക് ജീവിക്കാൻ അയാളുടെ അച്ചുവിന്‍റെ സാമീപ്യം വേണമായിരുന്നു. അതിന് വേണ്ടിത്തന്നെയാണ് എഴുത്തിലൂടെയെങ്കിലും അവളെ ജീവിപ്പിക്കാൻ രമേശ് തീരുമാനിക്കുന്നത്..
അങ്ങനെ അശ്വതിയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പുകൾ ഇടാൻ തുടങ്ങി. ഇരുവരുടെയും പഴയ ഫോട്ടോകൾ പങ്കുവെക്കാൻ തുടങ്ങി. ഹൃദയഭേദകമായ ആ കുറിപ്പുകളെല്ലാം വായനക്കാരുടെ കണ്ണു നനയിച്ചു. വായിച്ചവർ വായിക്കാത്തവരിലേക്ക് പങ്കുവെച്ചു. ഇന്ന് കിച്ചുവിന്‍റെയും അച്ഛന്‍റെയും ലോകം കുറച്ചുകൂടി വിശാലമാണ്. അവരെ സ്നേഹിക്കുന്ന ഒരുപറ്റം മനുഷ്യർ അവർക്കൊപ്പമുണ്ട്. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കിട്ടെടുക്കുന്നു. മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നു
അച്ഛന്‍റെ കിച്ചപ്പൻ ഇന്ന് വളർന്ന് പതിനൊന്ന് വയസുകാരനായിരിക്കുന്നു...അവന്‍റെ അമ്മ ആഗ്രഹിച്ച പോലെ അച്ഛനും കിച്ചുവും സന്തോഷമായി ജീവിക്കുന്നു.
'ഞങ്ങൾ ഇങ്ങനെ ഹാപ്പി ആയി ജീവിക്കണം എന്നാണ് അവൾ ആഗ്രഹിച്ചത്.. അവൾകൂടി ഉണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമായേനെ. എന്നാൽ യാഥാർത്ഥ്യം ഞങ്ങൾ രണ്ടുപേരും ഉൾക്കൊള്ളുന്നു. ഞങ്ങൾ ഇതുപോലെ സന്തോഷമായിട്ട് തന്നെ മുന്നോട്ട് പോകും 'രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു...
പ്രിയപ്പെട്ട വായനക്കാരോട്...ആത്മാർത്ഥ പ്രണയത്തിന്‍റെ അവസാനത്തെ കണികയും അറ്റുപോയെന്ന് തോന്നിത്തുടങ്ങുമ്പോൾ നിങ്ങൾ രമേശ് കുമാറിനെ വായിക്കണം..ഉപാധികൾ ഇല്ലാത്ത സ്നേഹത്തിന്‍റെ വറ്റാത്ത നീരുവകൾ നിങ്ങൾക്കവിടെ കാണാം.
പ്രിയപ്പെട്ട രമേശിനോട്... പ്രണയം വെറും പ്രഹസനമായി മാറിയെന്ന് ആധിപിടിക്കുന്ന ഈ കെട്ടകാലത്ത് നിങ്ങൾ ഒരു നല്ല പാഠപുസ്തകമാണ്. ഒരിക്കൽ കൈപിടിച്ച ആളെ വർഷങ്ങൾക്കിപ്പുറവും അക്ഷരങ്ങളിലൂടെ നിങ്ങൾ ചേർത്തു നിർത്തുന്നുവല്ലോ.. വിധിയെപ്പോലും നിങ്ങൾ സ്നേഹിച്ചു തോല്പിക്കുന്നുവല്ലോ.
പ്രിയപ്പെട്ട അശ്വതിയോട്...നിങ്ങൾ ഈ ലോകത്ത് ജീവിച്ചിരുന്ന ഭാഗ്യം ചെയ്ത സ്ത്രീയാണ്. പ്രിയപ്പെട്ടവളേ...,നിറഞ്ഞ മനസോടെ സ്നേഹിക്കപെടുക എന്നതിലുമപ്പുറം മനോഹരമായി ഈ ലോകത്ത് മറ്റെന്താണുള്ളത് ?? രമേശിന്‍റെ തന്നെ വാക്കുകൾ കടമെടുത്തു പറയട്ടെ..ആ എഴുത്തുകൾ നിലയ്ക്കാത്തിടത്തോളം കാലം നിനക്ക് മരണമില്ല..നേരുന്നു പ്രണയദിനാശംസകൾ...