child-kidnap-mangalapuram

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍

തിരുവനന്തപുരം മംഗലപുരത്ത് പതിനഞ്ചുകാരനെ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത തലസ്ഥാന നഗരത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. കുട്ടിയെ തിരഞ്ഞ് പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് രാത്രി തന്നെ പതിനഞ്ചുകാരനെ കണ്ടെത്താനായിരുന്നു ജില്ലാ പൊലീസ് മേധാവി മംഗലപുരം പൊലീസിന് നല്‍കിയ താക്കീത്. അന്വേഷണം ശരവേഗത്തില്‍ നീങ്ങിയതോടെ കീഴാറ്റിങ്ങലിലെ റബര്‍ തോട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രിയോടെ പതിനഞ്ചുകാരനെ കണ്ടെത്തി, പ്രതികളും പിടിയിലായി. കേസിന്റെ ചുരുളഴിഞ്ഞപ്പോള്‍ തട്ടികൊണ്ടുപോകലിന്റെ കാരണം ചെന്നെത്തി നില്‍ക്കുന്നത് പ്രണയക്കുശുമ്പില്‍. മംഗലപുരം വേങ്ങോട് കുടവൂ‍ സ്വദേശികളായ അശ്വനിദേവ്, ശ്രീജിത്ത്,  സഹോദരങ്ങളായ അഭിറാം, അഭിരാജ് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. പ്രണയക്കുശുമ്പാണ് പതിനഞ്ചുകാരന്‍റെ തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചെതന്നാണ് പൊലീസിന്‍റെ നിഗമനം.

സിനിമയെ വെല്ലുന്ന തട്ടികൊണ്ടുപോകല്‍

രാത്രി ഏഴരയോടെയാണ് ഇടവിളാകത്ത് താസമിക്കുന്ന പത്താംക്ളാസുകാരനായ പതിനഞ്ചുകാരനെ വീട്ടില്‍ നിന്നറക്കി നാലംഗ സംഘം കാറില്‍ തട്ടികൊണ്ടുപോകുന്നത്.പതിനഞ്ചുകാരന്റെ മാതാപിതാക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. അമ്മൂമ്മയ്ക്കൊപ്പമായിരുന്നു ഇടവിളാകത്തെ വീട്ടില്‍ താമസം. അമ്മൂമ്മയും നാട്ടുകാരും പൊലീസില്‍ പരാതിപ്പെട്ടതോടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. അര്‍ധരാത്രിയോടെ കീഴാറ്റിങ്ങലിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് പതിനഞ്ചുകാരനെ കണ്ടെത്തിയത്. പ്രതികളുടെ  മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളുടെ അടുത്തേക്ക് പൊലീസിനെ എത്തിച്ചത്. പൊലീസ് എത്തുന്നത് കണ്ട രണ്ടുപ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു. മറ്റ് രണ്ടുപേരെ പിടികൂടിയ പൊലീസ് പതിനഞ്ചുകാരനെ മോചിപ്പിച്ചു. മറ്റ് രണ്ടുപ്രതികളെയും തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് പിടികൂടി. 

കഴിഞ്ഞയാഴ്ചയും തട്ടിക്കൊണ്ടുപോയി!

പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോകുന്നത് ആദ്യമല്ലെന്നാണ് കുടുംബം പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനഞ്ചുകാരനെ ഇതേ സംഘം തട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തില്‍ വച്ച് കാലും കൈയ്യും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അന്ന് വൈകിട്ടാണ് പ്രതികള്‍ പതിനഞ്ചുകാരനെ വിട്ടയച്ചത്. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം. 

പിന്നില്‍ പ്രണയക്കുശുമ്പ്?

സംഭവത്തിന് പിന്നില്‍ പ്രണയക്കുശുമ്പാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പ്രതികളും പതിനഞ്ചുകാരനും നല്‍കിയ വിവരങ്ങളില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുളളത്. പതിനഞ്ചുകാരന്റെ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രതികളില്‍ ഒരാളായ അശ്വിനിദേവ് നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ പതിനഞ്ചുകാരനുമായി പെണ്‍കുട്ടി സൗഹൃദം തുടങ്ങിയതോടെ അശ്വിനിദേവുമായി അകന്നു. ഇതിന് കാരണം പതിനഞ്ചുകാരനാണെന്ന വിശ്വാസത്തിലാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്.  മറ്റ് മൂന്നു പ്രതികളും അശ്വിനിദേവിന്റെ സുഹൃത്തുകളാണ്. നാലുപേരും ഇരുപതിനും ഇരുപത്തിമൂന്നിനും വയസിനിടയിലുള്ളവരാണ്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് വിവരമെങ്കിലും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നു.  

ENGLISH SUMMARY:

A 15-year-old boy abducted in Mangalapuram was rescued by the police in Keezhattingal. The abduction was linked to a love dispute, and four suspects have been arrested.