coir board image:facebook

coir board image:facebook

തൊഴില്‍ പീഡനം ആരോപിച്ച് കയര്‍ബോര്‍ഡിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ മരിച്ച ജീവനക്കാരി ജോളി മധുവിന്‍റെ കത്ത് നൊമ്പരമാകുന്നു. പരസ്യമായി ജോളി മാപ്പുപറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിലവിലെ സെക്രട്ടറിക്ക് നല്‍കാന്‍ എഴുതിയ കത്താണ് പുറത്തുവന്നത്. തനിക്ക് ബഹുമാനപ്പെട്ട ചെയര്‍മാനെതിരെ സംസാരിക്കാന്‍ ഭയമാണെന്നും ൈധര്യമില്ലെന്നും ജോളി എഴുതുന്നു. തൊഴിലിടത്തെ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നത് വ്യക്തമാണെന്നും ജോളി പൂര്‍ത്തിയാക്കാതെ പോയ കത്തില്‍ പറയുന്നു. 

കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ.. സര്‍, നമ്മുടെ ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്ക് പേടിയാണ്, അതിനുള്ള ധൈര്യവും എനിക്കില്ല. എന്നെ കൊണ്ട് സാധിക്കില്ല. കൃത്യമായും തൊഴിലിടത്തെ പീഡനമാണ് എന്‍റെ കേസില്‍ സംഭവിച്ചതെന്ന് വ്യക്തമാണ്. അതെന്‍റെ ആരോഗ്യത്തിനും ജീവനും തന്നെ ഭീഷണിയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കരുണയ്ക്കായി അഭ്യര്‍ഥിക്കുകയാണ്. എന്‍റെ പരാതി ദയവ് ചെയ്ത് ഒരിക്കല്‍ കൂടി പരിഗണിക്കുകയും കുറച്ച് കാലം കൂടി ഇവിടെ തുടരാന്‍ അനുവദിക്കുകയും വേണം..' എന്നാണ് കത്തില്‍ പറയുന്നത്. 

കൊച്ചി പാലാരിവട്ടം സ്വദേശിയായ ജോളി തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതി നല്‍കിയിരുന്നു. 'വര്‍ഷങ്ങളായി കയര്‍ബോര്‍ഡ് ഓഫിസില്‍ പല അഴിമതിയും നടക്കുന്നുണ്ട്. ജോളി അതിന് കൂട്ടു നില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിച്ചു'വെന്നാണ് കുടുംബം പറയുന്നത്. സെക്ഷന്‍ ഓഫിസറായിരുന്ന ജോളിയുടെ മുന്നിലേക്ക് അഴിമതിയുടെ പല ഫയലുകളും എത്തിയിരുന്നുവെന്നും ഇത് പാസാക്കി കൊടുക്കാന്‍ വിസമ്മതിച്ചതാണ് നടപടികള്‍ക്ക് കാരണമെന്നും സഹോദരന്‍ മനോരമന്യൂസിനോട് പറഞ്ഞിരുന്നു.

തൊഴിലിടത്തെ പീഡനം സഹിക്കാന്‍ പറ്റാതെയായതോടെ ജോളി മൂന്ന് മാസത്തോളം മെഡിക്കല്‍ ലീവിലായിരുന്നുവെന്നും ആ സമയത്തെ ശമ്പളം തടഞ്ഞുവച്ചുവെന്നും നാലഞ്ച് മാസത്തെ ശമ്പളം ജോളിക്ക് ലഭിക്കാനുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഒടുവില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിനായി ചെന്നപ്പോള്‍ ജോളിക്കെതിരെ വിജിലന്‍സ് കേസ് കയര്‍ബോര്‍ഡ് നല്‍കിയെന്നും ഇതെല്ലാം ജോളിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കാന്‍സര്‍ അതിജീവിത കൂടിയായ ജോളിക്ക് കടുത്ത മാനസിക സമ്മര്‍ദമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ജനുവരി 31ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോളി ഫെബ്രുവരി  രണ്ടിനാണ് മരിച്ചത്.

അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും ആരോഗ്യസ്ഥിതി അറിഞ്ഞപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കിയിരുന്നുവെന്നും വേണ്ടത്ര അവധിയും വേതനവും അനുവദിച്ചുവെന്നും ബോര്‍ഡ് വിശദീകരിച്ചിരുന്നു. 

ENGLISH SUMMARY:

Jolly Madhu’s letter, written before her passing after filing a workplace harassment complaint against the Coir Board, reveals her fear and suffering.