മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ യുവതി. സങ്കേതം ഹോട്ടലുടമ ദേവദാസില്‍നിന്ന് മുന്‍പും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്ദേശം അയച്ചെന്നും നിനക്കുളള ആദ്യ ഡോസാണ് ഇതെന്ന് ദേവദാസ് പറഞ്ഞതായും യുവതി വെളിപ്പെടുത്തി. രക്ഷപ്പെടാന്‍ താഴേക്ക് ചാടി പരിക്കേറ്റ് കിടക്കുമ്പോളും അകത്തേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും അക്രമം ആസൂത്രിതമാണെന്നും യുവതി പറഞ്ഞു. ദേവദാസ് ഭാര്യയ്ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ രീതിയില്‍ തനിക്ക് മെസേജുകള്‍ അയച്ചിരുന്നുവെന്ന് അതിജീവിത പറയുന്നു. ജോലി ഉപേക്ഷിച്ച് പോയപ്പോഴെല്ലാം ക്ഷമ ചോദിച്ച് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചു.
പൈല്‍സാണെന്നും, സര്‍ജറി വേണ്ടി വരുമെന്നും ഇയാള്‍ ഒരിക്കല്‍ പറഞ്ഞു . നീ ജോലിക്ക് തിരികെ കയറിയില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ലെന്ന് പറഞ്ഞ ഇയാള്‍ രക്തത്തില്‍ കുതിര്‍ന്ന അണ്ടര്‍വെയര്‍ കാണിക്കുകയും ചെയ്തുവെന്ന് അതിജീവിത പറഞ്ഞു.
ഹോട്ടലില്‍ ജോലി ഇല്ലാത്ത സമയത്ത് മദ്യപിച്ചെത്തുന്ന ദേവദാസ് തന്നോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവദിവസം തന്‍റെ കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ താന്‍ അതിന് തയ്യാറായില്ല. രാത്രി വീട്ടിലിരുന്ന് ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായുള്ള ഉന്തുംതള്ളിലുമാണ് കൈതട്ടി ഫോണിലെ വീഡിയോ റെക്കോര്‍ഡ് ഓണായത്. അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരിക്കുപറ്റി കിടന്ന തന്നെ മറ്റൊരു പ്രതിയായ റിയാസ് അകത്തേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തി.