തിരുവനന്തപുരം വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ, ഭയപ്പെടുത്തുന്ന വിവരങ്ങൾ തുറന്നുപറഞ്ഞ് പ്രതിയുടെ അമ്മ.
അവൻ എപ്പോഴും മുകളിലത്തെ നിലയിലെ റൂമിലായിരുന്നുവെന്നും, പെട്ടെന്നൊരു ദിവസം വീട്ടിലെ ടിവിയും ഗ്ലാസുമെല്ലാം അവൻ അടിച്ചുപൊട്ടിച്ചുവെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
'അവനായി നിരന്തരം ഞങ്ങൾ പ്രാർഥിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം അവൻ അടുത്ത വീട്ടിലെ പൈപ്പ് മുറിച്ചു കളഞ്ഞു. വീട്ടിനകത്തെല്ലാം വെള്ളം കയറി.. അന്ന് രാത്രി ഒരു മണി സമയത്ത് ഞങ്ങൾ ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു. 100ൽ വിളിച്ചപ്പോൾ വെള്ളറടയിൽ നിന്ന് പൊലീസ് വന്നാണ് രംഗം ശാന്തമാക്കിയത്. അവർ അവനെ ഉപദേശിച്ചു. അതിന് ശേഷം കുറേ ദിവസം വലിയ പ്രശ്നമില്ലായിരുന്നു.
ചൈനയിൽ പോയി വന്ന ശേഷമാണ് അവന് ഈ പ്രശ്നം തുടങ്ങിയത്. കൊവിഡ് സമയത്ത് ചൈനയിൽ നിന്ന് ഇവൻ ഡൽഹിയിലാണ് വന്നിറങ്ങിയത്. ക്വാറന്റൈൻ കഴിഞ്ഞ ശേഷം വീട്ടിൽ വന്നപ്പോഴാണ് മുകളിലത്തെ നിലയിലെ റൂമിൽ കയറി ഒറ്റക്കിരിക്കാൻ തുടങ്ങിയത്. അവസാന സെമസ്റ്ററിലെ ഫീസടക്കാൻ മോളുടെ ആഭരണം പണയം വെച്ചിരുന്നു. കൊവിഡ് രൂക്ഷമായതിനാൽ ചൈനയിലെ ഓഫീസുകളൊക്കെ
അന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഡോ. നിയാസ് എന്നയാള്‍ മുഖേനെ എറണാകുളത്തെ ഏജൻസി വഴിയാണ് ഫീസടച്ചത്. അവർക്ക് നമ്മൾ നേരിട്ട് പണം കൊടുക്കുകയായിരുന്നു. പണം അടച്ചതിന്‍റെ രേഖയോ, ബില്ലോ ഒന്നും അവർ തന്നില്ല.
ഫീസടച്ചതിനാൽ സർട്ടിഫിക്കറ്റിന്‍റെ സോഫ്റ്റ് കോപ്പിക്കായി അവൻ വുഹാൻ സർവകലാശാലയിലേക്ക് ഇ മെയിൽ അയച്ചു. അപ്പോഴാണ് ഫീസടച്ചില്ലെന്നും, സർട്ടിഫിക്കറ്റ് തരാനാവില്ലെന്നും അവിടെ നിന്ന് മറുപടി വന്നത്. അതിന് ശേഷമാണ് ഇവൻ വീട്ടിൽ അതിക്രമം കാട്ടാൻ തുടങ്ങിയത്. ഡാഡിയാണ് ഫീസ് അടക്കാതെ ഭാവി നശിപ്പിച്ചതെന്ന് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. അവന്‍റെ ഭാവി നമ്മൾ നശിപ്പിച്ചെന്ന് പറഞ്ഞാണ് അവൻ ഉപദ്രവം തുടങ്ങിയത്.
നമ്മൾ പണം തിരികെ കിട്ടാനായി എറണാകുളത്തെ ഏജൻസിയുടെ മുന്നിൽ പോയി കിടന്നുവരെ പ്രതിഷേധിച്ചു. പൊലീസിൽ പരാതിയും കൊടുത്തു. ഇവന്‍റെ സർട്ടിഫിക്കറ്റ് കിട്ടാനായി പലവട്ടം അവിടെ പൊയിട്ടും ഒന്നും നടന്നില്ല. ഇതിന് ശേഷം സിനിമാ ഫീൽഡിൽ പോവാനായി 3 മാസത്തെ ഒരു കോഴ്സ് പഠിക്കണമെന്ന് പറഞ്ഞു. നമ്മൾ കൂട്ടായ്മയിൽ ആരാധനയ്ക്കൊക്കെ പോകുന്നത് കൊണ്ട് സിനിമ ഫീൽഡിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന് പറഞ്ഞിട്ടും അവൻ കേട്ടില്ല. അലസാനം അവന്‍റെ നിർബന്ധം മൂലം ഒന്നര ലക്ഷം രൂപ ഈ കോഴ്സിനായി കൊടുത്തു. കോഴ്സ് കഴിഞ്ഞ് വന്ന ശേഷവും അവന്‍റെ ദേഷ്യം മാറിയില്ല. അതും പ്രയോജനപ്പെടില്ലെന്ന് അവന് തോന്നിയിരിക്കാം.
അതിന് ശേഷം പലവട്ടം അവന്‍ ഡാഡിയെ ഉപദ്രവിച്ചു, എന്നെയും ഉപദ്രവിക്കാൻ മടിയില്ലാതായി. പിന്നെ നമ്മുടെ കൂടെ ആരാധനയ്ക്കും പ്രാർഥനയ്ക്കും അവൻ വരാതായി. വീട്ടിലെ ടിവിയിൽ അവൻ എന്തോ വെയ്ക്കും.. ടിവിയിൽ നിന്ന് വൈബ്രേഷൻ ശബ്ദം വന്നുകൊണ്ടിരിക്കും. വല്ലാത്തൊരു ശബ്ദമാണത്. അന്നേരം നമ്മൾ ഭയന്ന് പുറത്തിരിക്കും. ആ സമയം അവന്‍റെ കൈയ്യിൽ കത്തിയും വെൽഡിങ് മെഷീനുമൊക്കെയുണ്ടാവും.
അശരീരി പോലെ ടിവിയിൽ നിന്ന് എന്തോ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കും. എന്നാൽ അവൻ വീട്ടിന് പുറത്തിറങ്ങുമ്പോൽ എല്ലാവരോടും ഭയങ്കര സ്നേഹവും കമ്പനിയുമാണ്. പുറത്ത് നിന്ന് ആരെങ്കിലും വീട്ടിൽ വന്നാലോ, പുറത്ത് വല്ല ചടങ്ങിനും പോയാലോ ഒക്കെ നീറ്റായിരിക്കും. നമ്മളോട് മാത്രമാണ് ഇങ്ങനെ ദേഷ്യം കാട്ടുന്നത്.
അവന്‍റെ മുറിയിൽ നമുക്കാർക്കും പ്രവേശനമില്ല. മുറി വൃത്തിയാക്കാനും സമ്മതിക്കില്ല. സിഗരറ്റ് വലിക്കാറുണ്ടെന്നേ അറിയൂ. വേറെ ലഹരി വസ്തുവൊന്നും ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ഭർത്താവ് സോഫയിൽ ഉറങ്ങിക്കിടക്കവേയാണ് അവൻ വെട്ടിക്കൊന്നത്. ഞാൻ കണ്ണടച്ച് പ്രാർഥിച്ചുകൊണ്ട് അടുത്ത് കസേരയിലിരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അവൻ വന്ന് അച്ഛനെ വെട്ടി, പിടിച്ചിട്ടും അവൻ നിന്നില്ല. ആൾക്കാരെ വിളിക്കാൻ പുറത്തിറങ്ങി ഓടി ഞാൻ. നടുറോഡിൽ ഞാൻ നിൽക്കുന്നത് കണ്ടപ്പോൾ, ഞാനാണ് കൊല ചെയ്തതെന്ന് കരുതി ആൾക്കാര് ആദ്യം അടുത്തില്ല. പിന്നീടാണ് മകനാണ് കൊല ചെയ്തതെന്ന് എല്ലാവർക്കും മനസിലായത്. ഞാൻ തിരിച്ചു വന്നപ്പോൾ ഇവൻ അച്ഛന്‍റെ കഴുത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഞാൻ ഇവനെ ഇടിച്ച് അവിടെ നിന്ന് മാറ്റി. ഇവൻ കൈ വിട്ട ശേഷം നോക്കിയപ്പോഴും എന്‍റെ ഭർത്താവിന് ജീവനുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് എന്‍റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടിരുന്നു.
പൊലീസ് പറഞ്ഞതനുസരിച്ച് അവനെ ഒരു ഡോക്ടറെ കാണിച്ചു. അവൻ ചൂടായി നിങ്ങൾക്കാണ് അസുഖമെന്ന് പറഞ്ഞ് ആക്രോശിച്ചു. പിന്നെ പലവട്ടം ഡോ. കേശവൻ കുട്ടിയെ കാണിച്ചു. ഡോക്ടർ പറഞ്ഞു ഇവനൊരും പ്രശ്നവുമില്ലെന്ന്. ഡാഡിയും അവനും ഒന്നിച്ച് ഡോക്ടറോട് സംസാരിക്കവേ അവന്‍റെ മോശം രീതികളെപ്പറ്റി ഡാഡി ഡോക്ടറോട് പറഞ്ഞു. ഇത് കേട്ടതോടെ അവൻ ചൂടായി ഇയാളെ പിടിച്ച് പുറത്താക്കാൻ
വരെ ഡോക്ടറോട് പറഞ്ഞു. അവൻ എന്നെയും ഉപദ്രവിക്കുമെന്ന് ഭയമുണ്ട്. മടങ്ങി വരുകയാണെങ്കിൽ നല്ല മനുഷ്യനായി വരണം, ഈ അവസ്ഥയിൽ വരേണ്ട'. - അമ്മ വിതുമ്പി...