വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്ന സംഭവത്തിൽ, മകനെപ്പറ്റി നടുക്കുന്ന വിവരങ്ങൾ തുറന്നുപറഞ്ഞ് അമ്മ. ചൈനയിൽ പോയി വന്ന ശേഷമാണ് മകന്‍റെ സമനില തെറ്റിയതെന്നും, അതിന് ശേഷമാണ് മുകളിലത്തെ നിലയിലെ റൂമിൽ കയറി ഒറ്റക്കിരിക്കാൻ തുടങ്ങിയതെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. 

'കൊവിഡ് സമയത്ത് ചൈനയിൽ നിന്ന് ഇവൻ ഡൽഹിയിലാണ് വന്നിറങ്ങിയത്. ക്വാറന്റൈൻ കഴിഞ്ഞ ശേഷം വീട്ടിൽ വന്നപ്പോള്‍ അവസാന സെമസ്റ്ററിലെ ഫീസടക്കാൻ മോളുടെ ആഭരണം പണയം വെച്ചിരുന്നു. കൊവിഡ് രൂക്ഷമായതിനാൽ ചൈനയിലെ ഓഫീസുകളൊക്കെ അന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഡോ. നിയാസ് എന്നയാള്‍  മുഖേനെ എറണാകുളത്തെ ഏജൻസി വഴിയാണ് ഫീസടച്ചത്. അവർക്ക് നമ്മൾ നേരിട്ട് പണം കൊടുക്കുകയായിരുന്നു. പണം അടച്ചതിന്‍റെ രേഖയോ, ബില്ലോ ഒന്നും അവർ തന്നില്ല.  

ഫീസടച്ചതിനാൽ സർട്ടിഫിക്കറ്റിന്‍റെ  സോഫ്റ്റ് കോപ്പിക്കായി അവൻ വുഹാൻ സർവകലാശാലയിലേക്ക് ഇ മെയിൽ അയച്ചു. അപ്പോഴാണ്  ഫീസടച്ചില്ലെന്നും, സർട്ടിഫിക്കറ്റ് തരാനാവില്ലെന്നും അവിടെ നിന്ന് മറുപടി വന്നത്. അതിന് ശേഷമാണ് ഇവൻ വീട്ടിൽ അതിക്രമം കാട്ടാൻ തുടങ്ങിയത്. ഡാഡിയാണ് ഫീസ് അടക്കാതെ ഭാവി നശിപ്പിച്ചതെന്ന് അവൻ പറഞ്ഞുകൊണ്ടേയിരുന്നു. അവന്‍റെ ഭാവി നമ്മൾ നശിപ്പിച്ചെന്ന് പറഞ്ഞാണ് അവൻ ഉപ​ദ്രവം തുടങ്ങിയത്.  

നമ്മൾ പണം തിരികെ കിട്ടാനായി എറണാകുളത്തെ ഏജൻസിയുടെ മുന്നിൽ പോയി കിടന്നുവരെ പ്രതിഷേധിച്ചു. പൊലീസിൽ പരാതിയും കൊടുത്തു. ഇവന്‍റെ സർട്ടിഫിക്കറ്റ് കിട്ടാനായി പലവട്ടം അവിടെ പൊയിട്ടും ഒന്നും നടന്നില്ല. ഇതിന് ശേഷം സിനിമാ ഫീൽഡിൽ പോവാനായി 3 മാസത്തെ ഒരു കോഴ്സ് പഠിക്കണമെന്ന് പറഞ്ഞു. നമ്മൾ കൂട്ടായ്മയിൽ ആരാധനയ്ക്കും പ്രാര്‍ഥനക്ക് പോകുന്നത് കൊണ്ട് സിനിമ ഫീൽഡിൽ പോകുന്നത് ശരിയായ കാര്യമല്ലെന്ന്  പറഞ്ഞിട്ടും അവൻ കേട്ടില്ല. അവസാനം അവന്‍റെ നിർബന്ധം മൂലം ഒന്നര ലക്ഷം രൂപ ഈ കോഴ്സിനായി കൊടുത്തു. കോഴ്സ് കഴിഞ്ഞ് വന്ന ശേഷവും അവന്‍റെ ദേഷ്യം മാറിയില്ല. അതും പ്രയോജനപ്പെടില്ലെന്ന് അവന് തോന്നിയിരിക്കാം. 

അതിന് ശേഷം പലവട്ടം അവന്‍  ഡാഡിയെ ഉപദ്രവിച്ചു, എന്നെയും ഉപദ്രവിക്കാൻ മടിയില്ലാതായി. പിന്നെ നമ്മുടെ കൂടെ ആരാധനയ്ക്കും പ്രാർഥനയ്ക്കും അവൻ വരാതായി. വീട്ടിലെ ടിവിയിൽ അവൻ എന്തോ വെയ്ക്കും.. ടിവിയിൽ നിന്ന് വൈബ്രേഷൻ ശബ്ദം വന്നുകൊണ്ടിരിക്കും. വല്ലാത്തൊരു ശബ്​ദമാണത്. അന്നേരം നമ്മൾ ഭയന്ന് പുറത്തിരിക്കും. ആ സമയം അവന്‍റെ കൈയ്യിൽ കത്തിയും വെൽഡിങ് മെഷീനുമൊക്കെയുണ്ടാവും'. – അമ്മ തുറന്നു പറഞ്ഞു. 

ENGLISH SUMMARY:

Vellarada murder, accuseds mother responds