കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്ക് സംശയിക്കുന്നതായി വീട്ടുകാർ. മകൻ പ്രജിൻ ജോസിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭർത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമകുമാരി പറഞ്ഞു. കിളിയൂർ ചരവുവിള ബംഗ്ലാവിൽ ജോസാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ഹാളിലെ സോഫയിൽ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു മകന്‍. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ അടുക്കളയിൽവെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ നിഗൂഢമായ ജീവിതമാണ് പ്രജിൻ നയിച്ചത്. ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. തുടർന്ന് വീട്ടിൽ വെറുതേ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയിൽ സിനിമാപഠനത്തിനു പോയത്. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.
ഇതിനു ശേഷം പള്ളിയിൽ പോകാൻ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നതു പതിവാക്കിയിരുന്നു. മുറിയിലേക്ക് ആർക്കും പ്രവേശനമില്ലായിരുന്നു. റൂമില്‍ നിന്ന് ഓം ശബ്ദം കേള്‍ക്കാമായിരുന്നതായും ബ്ലാക്ക് മാജിക്ക് ചെയ്യുന്നതായും അമ്മ പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണു ജീവിച്ചിരുന്നതെന്നും. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ താനും മകളുമായിരിക്കും പ്രജിന്റെ അടുത്ത ഇരകളെന്നും സുഷമ വെളിപ്പെടുത്തിയിരുന്നു.