അച്ഛൻ വളയം പിടിക്കുന്ന ബസിൽ ഡബിൾബെല്ലടിച്ച് മകള്‍. യാത്രക്കാരനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൂടിയെത്തിയതോടെ യാത്ര ഉഷാറായി. തൃശൂരിൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന രാമപ്രിയ എന്ന ബസാണ് അച്ഛന്‍റെയും മകളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്.
ചെറുപ്പം മുതൽക്കെ വാഹനങ്ങളോടുള്ള പ്രിയമാണ് അനന്തലക്ഷ്മിയെന്ന പെൺകുട്ടിയെ കണ്ടക്‌ടർ കുപ്പായമണിയിച്ചത്. എം.കോം പഠനത്തിനൊപ്പമാണ് അനന്ത ലക്ഷ്മി കണ്ടക്ടറായി ജോലി ചെയ്യുന്നത്. കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ് സർവീസ് നടത്തുകയെന്നത് ശ്രമകരമായി. അങ്ങനെ അച്ഛന്‍ കൊടുങ്ങല്ലൂർ സ്വദേശി ഷൈനിന് താങ്ങായി അനന്തലക്ഷ്മി സ്വന്തം ബസിലെ കണ്ടക്ടറായി.
കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർ ധന്യയുടെ മകളും കൂടിയായ അനന്ത ലക്ഷ്മിയെ കുറിച്ച് കേട്ടറിഞ്ഞ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊടുങ്ങല്ലൂരിലെത്തിയപ്പോഴാണ് ബസ് യാത്ര നടത്തിയത്. രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ്, ക്ഷേത്രനടയിൽ പക്ഷികൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള മൺപാത്ര വിതരണത്തിന്‍റെ ഉദ്ഘാടനവും നടത്തിയ ശേഷമായിരുന്നു കോട്ടപ്പുറത്തേക്കുള്ള ബസ് യാത്ര. അനന്ത ലക്ഷ്മിയെയും, അച്ഛൻ ഷൈൻ, അമ്മ ധന്യ എന്നിവരെയും പൊന്നാടയിട്ട് ആദരിച്ച ശേഷമാണ് കേന്ദ്രമന്ത്രി ബസ് യാത്രയിൽ പങ്കാളിയായത്. ബി.ജെ.പി നേതാക്കളും, നഗരസഭ കൗൺസിലർമാരും ബസില്‍ ഒപ്പം ചേര്‍ന്നു.