അട്ടപ്പാടിയുടെ ജീവിതവും സംസ്‌കാരവും കൂടിച്ചേര്‍ന്ന കഥകള്‍ ഇനി ചുരത്തിലെ യാത്രയിലൂടെ അറിയാം. വനത്തിലേക്ക് മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശവും വരകളിലുണ്ടാവും. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചുരം സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് എമുത്തു അട്ടപ്പാടി അഥവാ എന്‍റെ അട്ടപ്പാടി പദ്ധതിക്ക് തുടക്കമായത്.
ഗോത്രജനതയുടെ ജീവിതം, കല, കൃഷി, സംസ്‌കാരം, വിനോദസഞ്ചാരസ്ഥലങ്ങളുമെല്ലാം ചിത്രങ്ങളായി അടയാളപ്പെടുത്തുകയാണ്. പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളും ഇതിനൊപ്പമുണ്ടാകും.
ചുരത്തിലെ നാലാം വളവിലുള്ള അരയാല്‍മരങ്ങള്‍ തണല്‍വിരിച്ച വലിയ പാറയിലാണ് ചായക്കൂട്ടുകള്‍ കൊണ്ട് ആദ്യത്തെ ചിത്രങ്ങളൊരുക്കി തുടങ്ങിയത്. ഇരുപത് അടി ഉയരമുള്ള പാറയെ ക്യാൻവാസാക്കി പക്ഷികളും ചെടികളും പൂക്കളും ജലവും വരച്ച് സെൽഫി പോയിന്‍റാക്കിയിരിക്കുകയാണ്. ഞാൻ എന്‍റെ പ്രകൃതിയെ നശിപ്പിക്കില്ല എന്ന സന്ദേശമാകും ഇതിലെ പ്രത്യേകത.
കാട്ടുതീ ജനകീയ പ്രതിരോധ സേന എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹികളും ഫിലിം ആർട്ട് ഡയറക്ടർമാരുമായ ഉണ്ണി വരദം, പ്രമോദ് പള്ളിയിൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതിലേറെ കലാകാരന്മാരാണ് വരയുടെ ഭാഗമാകുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം മണ്ണാർക്കാട് ഡി.എഫ്.ഒ. സി.അബ്ദുൾ ലത്തീഫ് നിർവഹിച്ചു.