ഇടുക്കി കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ജീവനൊടുക്കിയ നിക്ഷേപകന്‍ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി ആര്‍ സജിയെ ഇടുക്കി ജില്ല കമ്മിറ്റിയിലേക്ക് സിപിഎം തിരഞ്ഞെടുത്തു. നേരത്തെ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വി.ആര്‍.സജിയെ ന്യായീകരിച്ച് സിപിഎം ഏരിയ സെക്രട്ടറി രംഗത്ത് വന്നിരുന്നു. സാബുവിനോട് വി.ആര്‍.സജി സംസാരിച്ചത് ഭരണസമിതി അംഗമെന്ന നിലയിലെന്നായിരുന്നു സിപിഎം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജിന്‍റെ ന്യായം. ഇതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഇടുക്കി ജില്ല കമ്മിറ്റിയിലേക്ക് വി.ആർ സജിയെ തിര‍ഞ്ഞെടുത്തത്. 

സാബു അടിമേടിക്കുമെന്നാണ് ഏരിയ സെക്രട്ടറി സജി ഫോണ്‍ വിളിച്ച് പറയുന്നത്. ഗര്‍ഭാശയ രോഗം ബാധിച്ച ഭാര്യയുടെ ചികില്‍സയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ വേണമെന്ന് സാബു പറയുമ്പോഴാണ് ഭീഷണി. ബാങ്കിലെത്തിയ തന്നെ ജീവനക്കാര്‍ ഉപദ്രവിച്ചുവെന്ന് പറയുമ്പോള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്നും മനസിലാക്കിത്തരാമെന്നുമായിരുന്നു സജിയുടെ പ്രതികരണം

സജിയുടെ ഭീഷണിവാക്കുകള്‍ ഇങ്ങനെ 

 'ഈ മാസം നിങ്ങള്‍ക്ക് പകുതി പൈസ തന്നുകഴിഞ്ഞിട്ട് നിങ്ങള്‍ അവരെ പിടിച്ച് തള്ളി ഉപദ്രവിക്കേണ്ട കാര്യമെന്താ? വിഷയമൊന്നും മാറ്റേണ്ട. നമ്മളിത് അറിഞ്ഞിട്ട് മിണ്ടാതിരിക്കുന്നതാണ്. നിങ്ങള്‍ക്ക് അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. നിങ്ങള്‍ക്ക് പണി അറിയാന്‍മേലാഞ്ഞിട്ടാ. അത് മനസിലാക്കിത്തരാം. ഞങ്ങള്‍ ഭൂമിയോളം ക്ഷമിച്ചാ നില്‍ക്കുന്നേ. ഞങ്ങള്‍ നിങ്ങളുടെയൊക്കെ സ്ഥാപനത്തില്‍ തരാനുള്ള പൈസ തരാന്‍ വേണ്ട ആ പിള്ളാരെല്ലാം കയ്യും കാലുമിട്ട് എല്ലാ കാര്യങ്ങളും ചെയ്തോണ്ടിരിക്കുമ്പോ ..നിങ്ങടെ കുടുംബത്തില്‍ നിങ്ങള് പറഞ്ഞ കാര്യം അന്തസായി ഞങ്ങള്‍ ചെയ്തോണ്ടിരിക്കുവാ. പ്രസ്ഥാനത്തില്‍ ചെന്ന് അയാളെ ഉപദ്രവിക്കേണ്ട കാര്യമൊന്നുമില്ല' എന്നും സജി പറയുന്നു.

ENGLISH SUMMARY:

In Idukki Kattappana, CPM has elected V.R. Saji, the former area secretary of Kattappana, to the district committee. This decision comes despite allegations that he had threatened depositor Sabu, who died by suicide in front of a bank.