കഞ്ചാവ് വലിച്ച് മാത്രം ബസ് ഓടിക്കുന്ന ഡ്രൈവര്‍. അതാണ് പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസ്. പന്തീരാങ്കാവ് പൊലീസാണ് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെരുമണ്ണ ബസ്സ് സ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. എസ്ഐ സുഭാഷ് ചന്ദ്രൻ, സിപിഎഒ നിഷാന്ത്, ഹോംഗാർഡ് അനീഷ് എന്നിവരാണ് ഫൈജാസിന്റെ പക്കൽനിന്ന് പകുതി വലിച്ച കഞ്ചാവ് ബീഡി കണ്ടെത്തിയത്. അസ്വാഭാവികമായി പെരുമാറിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് വലിച്ചതായി സമ്മതിക്കുകയായിരുന്നു. ഇയാള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ച് മാത്രം ബസ് ഓടിക്കുന്നയാളാണ്.
പെരുമണ്ണ – കോഴിക്കോട് റൂട്ടിലോടുന്ന റോഡ് കിങ് എന്ന ബസിലെ ഡ്രൈവറാണ് ഫൈജാസ്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചുകൊണ്ടാണ് ബസ് ഓടിക്കുന്നതെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റ പരിശോധന. പൊലീസ് എത്തിയപ്പോഴും ഇയാള്‍ കഞ്ചാവ് ലഹരിയിലായിരുന്നു. ഫൈജാസിനെ അറസ്റ്റ് ചെയ്ത പൊലീസ് ബസും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.
ഫൈജാസിനെതിരെ അടിപിടിക്കേസും നിലവിലുണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് മൂലം അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാരെ കണ്ടെത്തി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.