കടമറ്റത്ത് കത്തനാരുടെ മാന്ത്രിക കഥകളിലൂടെ പ്രസിദ്ധമായ കടമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വീണ്ടും പഴയ പ്രതാപത്തിലേക്ക്. പാരമ്പര്യവും പ്രൗഢിയും ഒട്ടും ചോരാതെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ നവീകരണം പുരോഗമിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന പെരുന്നാളിനോട് അനുബന്ധിച്ചാണ് പള്ളിയുടെ കൂദാശ
ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന കടമറ്റം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി. ഒമ്പതാം നൂറ്റാണ്ടിൽ മാർ ആബോ സ്ഥാപിച്ചതാണ് ഈ ആരാധനാലയം. കടമറ്റത്ത് കത്തനാർ എന്നറിയപ്പെട്ട ഫാദർ പൗലോസിന്റെ കഥകളിലൂടെ പള്ളിയുടെ കീർത്തി വ്യാപിച്ചു. വിവിധ തർക്കങ്ങളാൽ 1998 മുതൽ 2004 വരെ അടഞ്ഞു കിടന്നെങ്കിലും കത്തനാരുടെ കഥകൾ പള്ളിയിലേക്ക് ആളുകളെ എത്തിച്ചു കൊണ്ടേയിരുന്നു. വിശ്വാസികൾക്ക് പുറമേ, പള്ളിയുടെ പ്രൗഢിയറിഞ്ഞ്' എത്തിയവരും ഏറെ.
കാലപ്പഴക്കം പള്ളിയെ ബാധിച്ചിരുന്നു. മങ്ങി തുടങ്ങിയ ചുമർ ചിത്രങ്ങൾ തെളിയിച്ചെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. ഇലച്ചായവും മണ്ണും ചേർത്ത് ജിജി ലാൽ എന്ന കലാകാരന്‍റെ നേതൃത്വത്തിൽ അതും സാധിച്ചു. മാർ ആബോയുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മൂന്നുവർഷം മുൻപാണ് ഇന്ന് കാണുന്ന രീതിയിലേക്കുള്ള ദേവാലയത്തിന്‍റെ നവീകരണം ആരംഭിച്ചത്.