ജനങ്ങളെ ആക്രമിക്കുന്നത് പതിവാക്കിയതോടെ വനത്തിലേക്ക് നാടുകടത്തിയ പരുന്ത്, മറ്റൊരു പരുന്തിനെയും കൂട്ടി തിരിച്ചെത്തി. നീലേശ്വരം എസ്.എസ് കലാമന്ദിര്‍ റോഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിലെത്തുന്നവരെയാണ് ഈ പരുന്ത് ആക്രമിച്ചുകൊണ്ടിരുന്നത്. പരുന്തിന്‍റെ ആക്രമണം രൂക്ഷമായതോടെയാണ് നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിലേക്ക് ഇതിനെ തുറന്നുവിടുകയായിരുന്നു.
ജനുവരി 26നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരുന്തിനെ പിടികൂടി വനാതിർത്തിയിലേക്ക് പറത്തിവിട്ടത്. ഇപ്പോഴിതാ നാടു കടത്തപ്പെട്ട അതേ പരുന്ത്, ആറ് ദിവസത്തിന് ശേഷം വീണ്ടും തിരികെ ജനവാസ മേഖലയിലെത്തിയിരിക്കുകയാണ്, ഒപ്പം കൂട്ടിനായി മറ്റൊരു പരുന്തും കൂടി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നീലേശ്വരത്തേക്ക് വീണ്ടും പരുന്തെത്തിയത്.
പരുന്ത് യാത്രക്കാരെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ എന്തു ചെയ്യുമെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. ഈ പ്രശ്നം ചെറുതല്ലെന്നും കൃത്യമായ പരിഹാരം വേണമെന്നുമാണ് നഗരസഭാ കൗൺസിലർ ഇ. ഷജീർ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.