ചെന്നൈ എന്ന് കേള്‍ക്കുമ്പോഴേ മനസില്‍ ഓടിയെത്തുക വലിയ കെട്ടിടങ്ങളും തിരക്കേറിയ റോഡുമെല്ലാമാകും. ഇതേ നഗരത്തില്‍ ഒരു കാട് വച്ചുപിടിപ്പിച്ചാലോ. നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ കാട് വച്ച് പിടിപ്പിക്കുകയാണ് ന്യൂജന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ മലയാളിയായ മിക്കി ജോസഫും.
ഒരു പുസ്തകം പബ്ലിഷ് ചെയ്യാന്‍ സഹായിക്കുമ്പോള്‍ ഒരു മരം നടുന്നതായിരുന്നു ന്യൂജന്‍ നോളജ് വര്‍ക്ക്സിന്‍റെ രീതി. പിന്നീട് ന്യൂജന്‍ നന്ദവനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചതോടെ ചെറു കാടുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. മലയാളിയായ മിക്കി ജോസഫാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ആവഡി, ആറക്കോണം, ഷോളിഗനല്ലൂര്‍ തുടങ്ങി 10 ഇടങ്ങളില്‍ ഇത്തരത്തില്‍ കാട് വച്ച് പിടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹകരണത്തോടെയാണ് ഇത്. ഷോളാവരം നേര്‍കുണ്ട്രത്ത് 16 ഏക്കര്‍ കാടാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മിക്കിയും സംഘവും ഇപ്പോള്‍.
നാട്ടുമരങ്ങളാണ് പ്രധാനമായും വച്ചുപിടിപ്പിക്കുന്നത്. ഉപദേശവുമായി പ്രൊഫ. ഡി നരസിംഹനും കൂടെയുണ്ട്. പൂര്‍ണപിന്തുണയുമായി സര്‍ക്കാരും ടീമിനൊപ്പമുണ്ട്. 5 വര്‍ഷത്തേക്കാണ് സര്‍ക്കാരുമായി കരാര്‍. ഭാവിയില്‍ ടൂറിസം രംഗത്തുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പ്രൊജക്ടിലൂടെ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.