shyam-police

കേവലം ഒരു പൊലീസ് ഡ്രൈവര്‍ മാത്രം ആയിരുന്നില്ല കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂര്‍ ചിറയില്‍വീട്ടില്‍ ശ്യാംപ്രസാദ്. ആ സ്റ്റേഷനിലെ പൊലിസുകാരുടെ ഏറ്റവും പ്രിയപ്പെട്ടവന്‍, എല്ലാവരെയും സഹായിക്കുന്ന ഏതാവശ്യത്തിനും ഓടിയെത്തുന്നവന്‍. ശ്യാമിന്റെ മരണത്തില്‍ നെഞ്ചുലഞ്ഞ് നില്‍ക്കുകയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാര്‍.

‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുന്നത്?’ ശ്യാമിന്റെ ഈ ചോദ്യം പ്രശാന്ത് കുമാറിന്റെ ഉള്ളിലിപ്പോഴും ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. സുഹൃത്തിന്റെ വേർപാട് ശ്യാമിനു വലിയ ആഘാതമായി. പ്രശാന്ത് കുമാറാണു അപ്പോൾ ശ്യാമിനെ ആശ്വസിപ്പിച്ചത്

നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുകയെന്നു ശ്യാംപ്രസാദ് അപ്പോഴാണു പ്രശാന്ത് കുമാറിനോടു ചോദിച്ചത്. ഞാൻ മരിച്ചാൽ സാറിന് വാട്സാപ്പിൽ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോൾ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാൻ പറ്റില്ലെന്നും പ്രശാന്ത് കുമാർ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണു ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലിൽ എത്തിയിരുന്നു. ഇല്ലിക്കൽ മൈതാനം കണ്ടപ്പോൾ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആർടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആർടിസി കണ്ടക്ടറായിരുന്നു.പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്. ജോലിയുടെ ഇടവേളകളിൽ പൊലീസ് വാഹനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകൾ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു സ്വരമിടറി പ്രശാന്ത് കുമാർ പറഞ്ഞു.

ഏറ്റുമാനൂര്‍ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്. വാരിയെല്ലിനു പരുക്കേറ്റെന്നു പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. മര്‍ദനമേറ്റു വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ആന്തരിക രക്തസ്രാവമുണ്ടായാണു മരണമെന്നാണു കണ്ടെത്തൽ.