മലപ്പുറം തൃക്കലങ്ങോട് പുതിയത്ത് വീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷൈമ സിനിവര്‍ അയല്‍വാസിയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് വിവരം. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ പക്ഷേ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
വീടിന് സമീപത്തുള്ള 19കാരനായ ഒരു യുവാവുമായി പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. 19കാരനായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍.