പുഞ്ചിരിച്ചു നില്‍ക്കുന്ന താമരപ്പൂക്കളെ നോക്കി നീ എന്‍ കോമള താമരപ്പൂവോ എന്ന് ചോദിക്കുന്നൊരു ഫോട്ടോഗ്രാഫറുണ്ട് തൃശൂര്‍ ആളൂരില്‍ . നെല്‍കൃഷി നിര്‍ത്തി ഒരു അവിടെ ഒരു താമരപ്പാടമൊരുക്കി പരിപാലിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ഒഫീഷ്യല്‍ ഫൊട്ടോഗ്രഫറായ ഉണ്ണി ഭാവന മറ്റം. കണ്‍മുന്നില്‍ പരന്നു കിടക്കുന്ന ജീവന്‍ തുടിക്കുന്ന ഒരു കാന്‍വാസ്. അതാണ് ഉണ്ണിയുടെ താമരപ്പാടം.
ഒരേക്കര്‍ പാടം നിറയെ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂക്കള്‍. ആറു മാസത്തിലേറെ ഉണ്ണി തപസുപോലെ അനുഷ്ഠിച്ചു വന്ന കര്‍മ്മത്തിന്‍റെ ഫലപ്രാപ്തി. ഈ താമരപ്പൂക്കളെ തലോടി ക്ഷേമം അന്വേഷിക്കാത്ത ഒരു ദിനം പോലും ഉണ്ണിയുടെ ജീവിതത്തില്ല. . ഒരച്ഛന്‍റെ സ്നേഹവും വാത്സല്യവും നല്കിയാണ് ഓരോ പൂക്കളെയും അദ്ദേഹം പരിപാലിക്കുന്നത്.
ലാഭം ഉണ്ടായിരുന്ന നെല്‍ക്കൃഷി വേണ്ടെന്നു വച്ചാണ് അദ്ദേഹം വീടിനോട് ചേര്‍ന്നുള്ള സ്വന്തം ഭൂമിയില്‍ താമരക്കൃഷി തുടങ്ങിയത്. ലാഭം കുറഞ്ഞാലും സന്തോഷം ഏറെയെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തില്‍ മാത്രമല്ല പൂക്കളുടെ പരിപാലനത്തിലും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നത് ഭാര്യ ദീപയും മകള്‍ നിരഞ്ജനയുമാണ്.
പൂക്കളെ ആരെങ്കിലും അറിയാതെപോലും നോവിച്ചാല്‍ അദ്ദേഹത്തിന്‍റെ മാത്രമല്ല അയല്‍വാസികളുടെ ഹൃദയവും നീറും.
പാടത്തിറങ്ങി പൂക്കള്‍ പൊട്ടിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാല കെട്ടുന്ന കഴകക്കാര്‍ക്ക് നല്‍കുന്നതാണ് പതിവ്.