ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം ശൂരനാട് ചക്കുവള്ളി ഒസ്താമുക്കിൽ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ടുവിളയിൽ സുധീറാണ് കൊല്ലപ്പെട്ടത്. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വർഗീസിനെയാണ് കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്.
2017 ഡിസംബർ 27 നായിരുന്നു സംഭവം. ടാപ്പിങ് ജോലിക്കായി കന്യാകുമാരിയിൽ നിന്നെത്തിയ വർഗീസ് ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സുധീറിന്റെ കടയിലെ സ്ഥിരം പറ്റുകാരന്‍. ചായ കുടിച്ച വകയിൽ 200 രൂപ കൊടുക്കാനുണ്ടായിരുന്നു. കടയുടെ മുന്നിലൂടെ പോയ വർഗീസിനോടു സുധീർ പണം ചോദിച്ചെങ്കിലും കേൾക്കാത്ത മട്ടിൽ പോയി. തുടർന്നു വീട്ടിൽച്ചെന്ന് പണം ചോദിച്ചപ്പോൾ ടാപ്പിങ് കത്തികൊണ്ടു വയറ്റിൽ കുത്തിയെന്നാണ് കേസ്.