
മീറ്ററിട്ട് ഓട്ടോ ഓടിക്കാന്‍ പറഞ്ഞാല്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും രക്ഷയില്ല. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഓട്ടോ വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഡ്രൈവര്‍ക്ക് ഇഷ്ടമായില്ല. ഇതോടെ എയർപോർട്ട് റോഡിൽ യാത്രക്കാരനെ ഇറക്കിവിടുകയായിരുന്നു. താൻ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണെന്ന് അറിയിച്ച യാത്രക്കാരൻ ഓട്ടോയുടെ ചിത്രം മൊബൈലിൽ പകർത്തിയതോടെ ഡ്രൈവർ യാത്രക്കാരനോട് മോശമായി പെരുമാറുകയും ചെയ്തു.
കൊല്ലം ആർ.ടി.ഒ. ഓഫീസിൽ ജോലി ചെയ്യുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയാണ് ഡ്രൈവർ നടുറോഡിൽ ഇറക്കിവിട്ടത്. ഓട്ടോ ഡ്രൈവർ യൂണിഫോമും ധരിച്ചിട്ടില്ലായിരുന്നു. സംഭവത്തിനു പിന്നാലെ ഓട്ടോ പിടികൂടിയ മോട്ടോർ വാഹന വകുപ്പ് പിഴയ്ക്കു പുറമെ ഡ്രൈവർ നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തു.
Also Read; ആവേശമായി മഞ്ഞുമ്മല്‍ ബോയ്സ്'; 2024 ൽ ഗൂഗിള്‍ തൂക്കി മലയാളി; തിരഞ്ഞത് ഇതൊക്കെ
വിമാനത്താവളത്തിൽ നിന്ന് അത്താണി ഭാഗത്തേക്കാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഓട്ടം വിളിച്ചത് യാത്രക്കൂലിയായി 180 രൂപ ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അഞ്ചു കിലോമീറ്ററിൽ താഴെയുള്ള ഓട്ടമായതിനാൽ 150 രൂപ വരെ തരാം എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വണ്ടി പുറപ്പെട്ടപ്പോൾ മീറ്റർ ഇടാൻ ആവശ്യപ്പെടുകയും മീറ്റർ ചാർജ് തരാമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാരനെ ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറക്കി വിട്ടത്.
പരാതിയെ തുടർന്ന് എറണാകുളം ആർ.ടി. ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ജി. നിഷാന്താണ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്. ഹിയറിങ്ങിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മീറ്ററിടാത്തതു പുറമെ അമിത ചാർജ് വാങ്ങൽ, യൂണിഫോം ധരിക്കാതിരിക്കൽ, മോശം സംസാരം എന്നിവയ്ക്കെല്ലാം ചേർത്താണ് പിഴ.