കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ എന്താകും തിരഞ്ഞിട്ടുണ്ടാവുക. വര്‍ഷാവസാനം കണക്കുമായി ഗൂഗിളെത്തി. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള പ്രീയം കാണിക്കുന്നതാണ് റിപ്പോര്‍ട്ട്. 2024 ൽ ഗൂഗിളിൽ ഇന്ത്യയിയില്‍ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ കീവേഡ് ഇന്ത്യൻ പ്രീമിയർ ലീഗ് (Indian Premier League) എന്നതാണ്. രണ്ടാമത് ടി20 ലോകകപ്പ് (T20 World Cup) എന്നതും. ഒപ്പം മലയാളിക്ക് അഭിമാനമായി കഞ്ഞിയും മാങ്ങ അച്ചാറും ഓണ സദ്യയും ഗൂഗിള്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഗൂഗിളിന്‍റെ ടോപ്പ് ട്രെൻഡിങ് സെർച്ച് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ മൂന്നാമത്തെ കീവേഡ് ഭാരതീയ ജനതാ പാർട്ടിയാണ്. ഇലക്ഷൻ റിസളട്ട് 2024, ഒളിംപ്ക്സ് 2024 എന്നിങ്ങനെയാണ് ടോപ്പ് തിരച്ചിൽ. ഇന്ത്യയിലെ ടോപ്പ് തിരച്ചലില്‍ രത്തൻ ടാറ്റ എഴാമതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എട്ടാമതുമാണ്.
സെക്ഷന്‍ തൂക്കി മലയാളി
ഓരോ വിഭാഗങ്ങളിലുള്ള തിരച്ചലില്‍ മലയാളികള്‍ക്ക് പ്രധാന്യമുണ്ട്. മൂവി വിഭാഗത്തില്‍ സ്ത്രീ 2 എന്ന ഹിന്ദി സിനിമയാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. ഈ വിഭാഗത്തില്‍ ഏഴാമതാണ് മഞ്ഞുമ്മൽ ബോയ്സ്. പത്താം സ്ഥാനത്താണ് ആവേശം. മലയാളി പാടി നടന്ന ഇല്ലുമിനാറ്റി ടോപ്പ് സോങ് സെര്‍ച്ചില്‍ മൂന്നാമതാണ്. 2024 ല്‍ പുറത്തിറങ്ങിയ നാദനിയൻ എന്ന പട്ടാണ് ഒന്നാമത്.
സദ്യയും ചമ്മന്തിയും ടെന്‍ഡിങ്
റെസിപി സെര്‍ച്ചില്‍ കേരളീയ ഭക്ഷണങ്ങള്‍ ട്രെന്‍ഡിങാണ്. രണ്ടാമത്തെ ടോപ്പ് സെര്‍ച്ച് കീവേഡ് മാങ്ങ അച്ചാറാണ് (Mango Pickle). പത്താമത് ചമ്മന്തിയും (Chammanthi). നിയർ മീ (Near Me) സെർച്ചിൽ ഓണസദ്യയാണ് രണ്ടാമത്. എട്ടാമത് Kanji ണെങ്കിലും ഇത് നമ്മുടെ സ്വന്തം കഞ്ഞിയല്ല. ഉത്തരേന്ത്യയിലെ പ്രോബയോട്ടിക് പാനീയമാണ് കഞ്ചിയാണ് സെര്‍ച്ചില്‍ കയറിയത്. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ഉപയോഗിച്ചാണ് കഞ്ചി തയ്യാറാക്കുന്നത്.
2024 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി വിനേഷ് ഫോഗട്ട് ആണ്. പാരിസ് ഒളിംപിക്സിലെ ഫൈനല്‍ മത്സരം നഷ്ടപ്പെട്ടതും ഹരിയാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചതും വിനേഷിന് വലിയ പ്രധാന്യം കഴിഞ്ഞ വര്‍ഷം നേടികൊടുത്തിരുന്നു. നിതീഷ് കുമാര്‍ ആണ് രണ്ടാമത്. ചിരാഗ് പസ്വാന്‍, ഹര്‍ദിക് പാണ്ഡ്യ, പവന്‍ കല്യാണ്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് പേരുകള്‍.
യാത്ര ഇടങ്ങളെ പറ്റിയുള്ള തിരച്ചലില്‍ കേരളത്തിന് ഇടമില്ല. അസര്‍ബൈജാന്‍, ബാലി, മണാലി, കസാഖ്സ്ഥാന്‍, ജയ്പൂര്‍, ജോര്‍ജിയ, മലേഷ്യ, അയോധ്യ, കാശ്മീര്‍, സൗത്ത് ഗോവ എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. ഇസ്രയേല്‍– പലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ട്രെന്‍ഡിങായ All Eyes On Rafah എന്ന കീവേഡാണ് അര്‍ഥം തേടി ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്.